ഷില്ലോങ്: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി നെഫ്യൂ റിയോയും മേഘാലയാ മുഖ്യമന്ത്രിയായി കോണ്‍റാഡ് സാംഗ്മയും സത്യപ്രതിജ്ഞ ചെയ്യും. ഇരു ചടങ്ങുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുക്കും.ശേഷം 1.45 ന് കൊഹിമയില്‍ നടക്കുന്ന സത്യപ്രതിജ്ഞയിലും മോദിയും അമിത് ഷായും പങ്കെടുക്കും.മേഘാലയയില്‍ പുതിയ മന്ത്രിസഭയില്‍ സാംഗ്മയുടെ എന്‍പിപിക്ക് എട്ട് മന്ത്രിമാരെ ലഭിക്കും. യുഡിപിക്ക് രണ്ടും എച്ച്എസ്പിഡിപി, ബിജെപി എന്നീ കക്ഷികള്‍ക്ക് ഓരോ മന്ത്രിസ്ഥാനവും ലഭിക്കും. ഷിലോങ്ങില്‍ രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ 12 ക്യാബിനറ്റ് അംഗങ്ങളും സാംഗ്മയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് ഫ്രണ്ടും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇത് പരാജയപ്പെട്ടതോടെയാണ് കാവല്‍ മുഖ്യമന്ത്രി കോണ്‍റാഡ് സങ്മയുടെ എന്‍പിപി-ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചത്. 60 നിയമസഭയില്‍ 59 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഇരുപത്തിയാറു സീറ്റ് നേടിയാണ് എന്‍പിപി നാഗാലാന്‍ഡിലെ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങിയ എന്‍ പി പിക്ക് ആദ്യം പിന്തുണ അറിയിച്ചത് ബിജെപിയാണ്. ഏറ്റവും ഒടുവില്‍ യുഡിപി, പിഡിഎഫ് പാര്‍ട്ടികള്‍ കൂടി പിന്തുണ അറിയിച്ചതോടെ 45 എംഎല്‍എമാരുടെ പിന്തുണ എന്‍പിപി നേടി. നാഗാലാന്‍ഡില്‍ 60 ല്‍ 37 സീറ്റും നേടിയ എന്‍ഡിപിപി ബിജെപി സഖ്യത്തിന് മറ്റു പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചതോടെ സംസ്ഥാനത്ത് പ്രതിപക്ഷം ഇല്ലാത്ത സര്‍ക്കാരായി മാറും.
ത്രിപുര മുഖ്യമന്ത്രിയായി മണിക് സാഹ തുടരും. കഴിഞ്ഞ ദിവസം നടന്ന ബിജെപി ഭരണകക്ഷി യോഗത്തിലാണ് രണ്ടാം തവണയും മുഖ്യമന്ത്രി പദവിയിലേക്ക് മണിക് സാഹയുടെ പേര് നിര്‍ദേശിച്ചത്. മുഖ്യമന്ത്രിയുടേയും പുതിയ മന്ത്രിമാരുടേയും സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 60 അംഗ നിയമസഭയില്‍ 33 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലേറുന്നത്.