ഇസ്താംബൂള്‍: രണ്ട് ദശാബ്ദമായി തുര്‍ക്കി ഭരിക്കുന്ന രജപ് തയ്യിപ് ഉര്‍ദുഗാനെ താഴെയിറക്കാന്‍ പ്രതിപക്ഷം കണ്ടെത്തിയത് മിതഭാഷിയായ കെമാല്‍ കിളിച്ദറോളുവിനെയാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായുള്ള രൂപസാദൃശ്യം കൊണ്ട് കെമാല്‍ തുര്‍ക്കി ഗാന്ധിയെന്നും ഗാന്ധി കെമാല്‍ എന്നുമാണ് അറിയപ്പെടുന്നത്.
രണ്ട് പതിറ്റാണ്ട് കാലത്തെ ഉര്‍ദുഗാന്റെ ഏകാധിപത്യ ഭരണത്തിന് തടയിടാന്‍ ഗാന്ധി കെമാലിനു കഴിയും എന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കെമാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ കാണുന്ന ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ വന്‍ ജനപിന്തുണയുടെ തെളിവാണെന്ന് പ്രതിപക്ഷം വിലയിരുത്തുന്നു. സാമ്പത്തിക പ്രതിസന്ധിയുടെയും അടുത്തിടെയുണ്ടായ ഭൂചലനത്തിന്റെയും പശ്ചാത്തലത്തില്‍ മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഉര്‍ദുഗാന്റെ നില പരുങ്ങലിലാണ്.