ചൊക്ലി:കാര്‍ഷിക-വ്യാവസായിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടും, അതി ദരിദ്രരില്ലാത്ത പഞ്ചായത്തിനെ വിഭാവനം ചെയ്തുകൊണ്ടും സ്വയംതൊഴില്‍ സംരഭകത്വ സഹായം ഉറപ്പ് വരുത്തിയും ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം ലഭ്യമാക്കിയുമുള്ള 13 പ്രധാന വികസന സാമുഹ്യ സേവന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതുവര്‍ഷ ബഡ്ജറ്റ് ചൊക്ലി ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ചു. പ്രസിഡന്റ് സി.കെ.രമ്യ ടീച്ചറുടെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് എം.ഒ.ചന്ദ്രനാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
26,82,30,411 രൂപ വരവും, 26,30,81,267 രൂപ ചിലവും 51,49,144 രൂപ നീക്കിയിരിപ്പുമുള്ളതാണ് ബഡ്ജറ്റ്. തെങ്ങിന് 11 ലക്ഷം രൂപയുടെ ജൈവ-രാസവളം നല്‍കുന്ന പദ്ധതി നടപ്പിലാക്കും. ഓരോ വിദ്യാര്‍ഥിക്കും അഞ്ച് വിതം കോഴികളെ നല്‍കാന്‍ മൂന്ന് ലക്ഷം രൂപയും, കാലിത്തീറ്റ വിതരണത്തിന് മൂന്നര ലക്ഷം രൂപയും, പാല്‍ സബ്‌സിഡിക്കായി 1.25 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കാര്‍ഷിക ചെറുകിട വ്യവസായ മേഖലക്ക് 72,09,610 രൂപ വകയിരുത്തി. പഞ്ചായത്തിലെ 34 അതിദരിദ്രരുടെ ക്ഷേമത്തിന് മൂന്ന് ലക്ഷം രൂപ നല്‍കും. ഔഷധസസ്യ വ്യാപനത്തിന് അഞ്ച് ലക്ഷം രൂപയും, ഡയാലിസിസ് രോഗികള്‍ക്ക് 4000 രൂപ വീതം ധനസഹായം നല്‍കും.
4,20,000 രൂപ ഇതിലേക്ക് നീക്കിവെച്ചിട്ടുണ്ട്. വനിതാ ഓപ്പണ്‍ ജിംനേഷ്യത്തിന് എട്ട് ലക്ഷം രൂപ അനുവദിച്ചു. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തോടെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ചൊക്ലി പഞ്ചായത്ത് പി.എച്ച്.സിയെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സ്പീക്കര്‍ അനുവദിച്ച 1.97 കോടി രൂപക്ക് പുറമെ ജനകീയ പങ്കാളിത്തത്തോടെ സാധിതമാക്കും. ആര്‍ദ്രം പദ്ധതിക്ക് 2,30,000 രൂപ വകയിരുത്തി. വാതില്‍പ്പടി സേവനം, ഉണര്‍വ് പദ്ധതി, പരാതി പരിഹാര സെല്‍, എന്നിവ നടപ്പിലാക്കും. മോന്താലില്‍ കുട്ടികളുടെ പാര്‍ക്ക് നിര്‍മിക്കാന്‍ 35 ലക്ഷം രൂപ നിക്കിവച്ചു. ഭൂരഹിതര്‍ക്ക് ഭവന സമുച്ഛയം നിര്‍മ്മിക്കാനുള്ള സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞതായും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്നും ആമുഖഭാഷണത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രമ്യ ടീച്ചര്‍ പറഞ്ഞു.