കേരളം വിട്ട കിറ്റക്‌സിനെതിരേ തെലുങ്കാനയില്‍ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍

കേരളം വിട്ട കിറ്റക്‌സിനെതിരേ തെലുങ്കാനയില്‍ പ്രതിഷേധം; സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍

ഹൈദരാബാദ്:  കേരളം വിട്ട് തെലങ്കാനയില്‍ കുടിയേറിയ കിറ്റക്സിന്റ പുതിയ ഫാക്ടറിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ തെലുങ്കാനയില്‍ കര്‍ഷക പ്രക്ഷോഭം. കിറ്റക്സ് തെലുങ്കാനയില്‍ വന്‍ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. എന്നാല്‍, തുടക്കത്തില്‍ തന്നെ വന്‍ തിരിച്ചടിയാണ് തെലങ്കാനയില്‍ കമ്പനിയെ പ്രതിരോധത്തിലാക്കുന്നത്. തെലുങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ ശയാംപേട്ട് ഹവേലിയിലാണ് വസ്ത്രനിര്‍മാണ യൂണിറ്റിനായി കിറ്റക്സ് തെരഞ്ഞെടുത്തിരുന്നത്.

എന്നാല്‍,കിറ്റക്‌സ് ആവശ്യപ്പെട്ട സ്ഥലം കര്‍ഷകരുടെ കൃഷിഭൂമിയാണെന്നും കൃഷി ഭൂമി വിട്ടുതരില്ലെന്നുമാണ് ഇപ്പോള്‍ കര്‍ഷകര്‍ നിലപാട് എടുത്തിരിക്കുന്നത്.കിറ്റക്‌സ് തെലങ്കാനയിലെ ഗീസുഗൊണ്ട, സംഗേം മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കാകതീയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കില്‍ വസ്ത്രനിര്‍മാണ യൂണിറ്റ് ആരംഭിച്ചിരുന്നു. 187 ഏക്കറാണ് കിറ്റക്‌സിന് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, ഇത് വാസ്തു പ്രകാരമല്ലെന്നും കോമ്പൗണ്ട് ഭിത്തികെട്ടി സ്ഥലം പുനക്രമീകരിക്കാന്‍ 13.29 ഏക്കര്‍ കൂടി അനുവദിക്കണമെന്നും കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കിറ്റക്‌സ് ആവശ്യപ്പെട്ട സ്ഥലം അളക്കാന്‍ അധികൃതര്‍ എത്തിയതോടെയാണ് പ്രതിഷേധം. ഏക്കറിന് 50 ലക്ഷം വിലവരുന്ന സ്ഥലം സര്‍ക്കാരും കിറ്റക്‌സും ചേര്‍ന്ന് 10 ലക്ഷത്തിന് കൈക്കലാക്കാന്‍ ശ്രമിക്കുകയാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നത്. ശനിയാഴ്ച വന്‍ പൊലീസ് സന്നാഹവുമായി എത്തി അധികൃതര്‍ സര്‍വേ നടത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ കര്‍ഷകരെ അറസ്റ്റുചെയ്ത് നീക്കിയായിരുന്നു സര്‍വേ നടത്തിയത്. പ്രതിഷേധം ശക്തമാക്കുന്നതിനാണ് കര്‍ഷക സംഘടനകള്‍ വിവിധ പാര്‍ട്ടികളുടെ സഹായം തേടിയിട്ടുണ്ട്.

കേരള സര്‍ക്കാര്‍ റെയ്ഡുകളും പരിശോധനകളുമായി നിരന്തരമായി വേട്ടയാടുന്നുവെന്ന് ആരോപിച്ച് 2021ലാണ് കിറ്റെക്‌സ് ആരോപം ഉയര്‍ത്തിയത്. 3,500 കോടി രൂപയുടെ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുമെന്നായിരുന്നു കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തെലങ്കാന വ്യവസായ മന്ത്രി കെ ടി രാമറാവുമായുള്ള ചര്‍ച്ചയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം തെലുങ്കാനയില്‍ നടത്താന്‍ ധാരണയാവുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *