കൊളംബോ : രാജ്യത്തെ വൈദ്യുത പദ്ധതികളുടെ കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കിയത് ഇന്ത്യാ ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി അലി സാബ്രി. ലങ്കയിലെ മാന്നാര്‍,പൂനറിന്‍ നഗരങ്ങളില്‍ വൈദ്യുതി ഉത്പാദനത്തിനായി രണ്ട് കാറ്റാടിപ്പാടങ്ങള്‍ നിര്‍മിക്കാന്‍ കഴിഞ്ഞ മാസം ശ്രീലങ്കന്‍ ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് അനുമതി നല്കിയത് രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള ഇടപാട് എന്ന നിലയിലാണെന്ന് മന്ത്രി വെളിപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയുള്ളതുകൊണ്ടാണോ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതെന്ന ചോദ്യത്തിന് യഥാര്‍ഥത്തില്‍ അല്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. കരാര്‍ അദാനിക്ക് നല്കാന്‍ മുന്‍ പ്രസിഡന്റ് ഗോതബയ രാജപക്‌സെയ്ക്കു മേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തേ സിലോണ്‍ വൈദ്യുതി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ എം.എം.സി. ഫെര്‍ഡിനാന്‍ഡോ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഇത് രജപക്‌സെ നിഷേധിച്ചതിനെ തുടര്‍ന്ന് ഫെര്‍ഡിനാന്‍ഡോയ്ക്ക് സ്ധാനം രാജിവെക്കേണ്ടി വന്നു. ശ്രീലങ്കയിലെ ഏറ്റവും വലിയ തുറമുഖമായ ഹംബന്‍ ടോട്ടയില്‍ ടെര്‍മിനല്‍
നിര്‍മിക്കാനുള്ള 70 കോടി ഡോളറിന്റെ കരാറും അദാനിക്ക് ലഭിച്ചിരുന്നു.