നാസിക്: ഉള്ളിക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഉള്ളി കത്തിച്ചുള്ള പ്രതിഷേധം നേരില്‍ കാണാന്‍ മുഖ്യമന്ത്രിക്ക് രക്തംകൊണ്ട് കത്തെഴുതി ക്ഷണിച്ചുകൊണ്ട് കൃഷിയിടത്തിന് തീയിട്ട് കര്‍ഷകര്‍.മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ യോല താലൂക്കിലുള്ള കൃഷ്ണ ഡോംഗ്രെ എന്ന കര്‍ഷകനാണ് ഒന്നര ഏക്കറോളം വരുന്ന കൃഷിയിടം തീയിട്ടത്. ഉള്ളി കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതാവസ്ഥ ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയായിരുന്നു ഇത്തരമൊരു പ്രതിഷേധം.
ഏഷ്യയിലെ വലിയ ഉള്ളി വിപണിയായ ലാസല്‍ഗാവിലെ അഗ്രികള്‍ച്ചര്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മറ്റിയില്‍ സാധനങ്ങളുടെ വില ഇടിഞ്ഞതോടെയാണ് ഉള്ളി കര്‍ഷര്‍ പ്രതിസന്ധി നേരിട്ടത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് പ്രശ്നമെന്ന് കൃഷ്ണ പറഞ്ഞു. നാലുമാസം കൊണ്ടാണ് ഒന്നര ലക്ഷം മുതല്‍ മുടക്കി കൃഷി ചെയ്തത്. വിളവെടുക്കുന്ന ഉള്ളി മാര്‍ക്കറ്റില്‍ എത്തിക്കാന്‍ 30,000 രൂപയുടെ ചെലവുണ്ടായിരുന്നു. എന്നാല്‍ ആകെ ലഭിക്കുന്നത് 25,000 രൂപയില്‍ താഴെയാണെന്ന് കര്‍ഷകന്‍ പറഞ്ഞു.
കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വിധിക്ക് വിട്ടുകൊടുത്തു. അധികാരികള്‍ രാഷ്ട്രീയ തര്‍ക്കത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ഷകര്‍ ജീവിക്കുമോ മരിക്കുമോ എന്ന് പോലും ശ്രദ്ധിക്കാറില്ല. ഇത് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് മാത്രമല്ല, രാജ്യത്തെ കര്‍ഷകര്‍ക്കും ഈ ദിവസം കറുത്ത ദിവസമാണെന്ന് കൃഷ്ണ ഡോംഗ്രെ പറഞ്ഞു.