ബെംഗളൂരു: കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കോടിക്കണക്കിന് രൂപയുടെ അഴിമതി കേസില്‍ ഒന്നാം പ്രതി കര്‍ണ്ാടക ബിജെപി എംഎല്‍എ മാഡല്‍ വിരൂപാക്ഷപ്പയ്ക്ക് മുന്‍കൂര്‍ ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് വിരൂപാക്ഷപ്പയ്ക്ക് ജാമ്യം അനുവദിച്ചത്. മൈസൂര്‍ സാന്‍ഡല്‍ സോപ്‌സ് നിര്‍മിക്കാനുള്ള നിര്‍മാണ സാമഗ്രികള്‍ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാര്‍ നല്‍കാന്‍ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. എംഎല്‍എയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും മകന്‍ വഴി കൈക്കൂലി നല്‍കണമെന്ന് പറഞ്ഞെന്നും കോണ്‍ട്രാക്റ്റര്‍ പരാതി നല്‍കിയിരുന്നു.
കേസില്‍ മാഡല്‍ വിരൂപാക്ഷപ്പയുടെ മകന്‍ മാഡല്‍ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നാല് ദിവസമായി എംഎല്‍എ ഒളിവിലാണ്. ജാമ്യം ലഭിക്കാനായി അഞ്ച് ലക്ഷം രൂപ കെട്ടി വയ്ക്കണം, ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം എന്നിവയാണ് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകള്‍. കര്‍ണാടക സോപ്‌സ് കമ്പനിയുടെ പരിസരത്ത് പ്രവേശിക്കരുതെന്നും ജാമ്യവ്യവസ്ഥയുണ്ട്.
എംഎല്‍എ മാഡല്‍ വിരുപാക്ഷപ്പയുടെ മകനായ പ്രശാന്ത് മാഡലിന്റെ വീട്ടില്‍ നിന്നാണ് ലോകായുക്ത അഴിമതി വിരുദ്ധ സ്‌ക്വാഡ് പണം പിടിച്ചെടുത്തത്. ഇയാള്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു പിടിയിലായത്. തുടര്‍ന്നാണ് വീട്ടില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് ആറുകോടി രൂപയാണ് കണ്ടെടുത്തത്. കരാറുകാരില്‍ നിന്ന് പദ്ധതിയുടെ 40 ശതമാനം എംഎംഎല്‍മാര്‍ കൈക്കൂലിയായി വാങ്ങുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് എംഎല്‍എയുടെ മകന്‍ കൈയോടെ പിടിക്കപ്പെട്ടത്.
കെഎഎസ് ഓഫീസറായ പ്രശാന്ത്, ബെംഗളുരു കോര്‍പ്പറേഷനില്‍ കുടിവെള്ള വിതരണവിഭാഗത്തിലെ ചീഫ് അക്കൗണ്ട്‌സ് ഓഫീസറാണ്. ഓഫിസില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ കൈയോടെ പിടിയിലായത്. കരാറുകാരന്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ലോകായുക്ത രഹസ്യ ഓപ്പറേഷന്‍ നടത്തിയത്. സോപ്പും ഡിറ്റര്‍ജന്റും നിര്‍മിക്കാനുള്ള അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിര്‍ദേശപ്രകാരം മാഡല്‍ വിരൂപാക്ഷപ്പ് കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നു.