ബെയ്ജിങ്: പി.എല്‍.എ യുടെ വര്‍ധിച്ചുവരുന്ന ആക്രമണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശങ്കകള്‍ക്കിടെ ദേശീയ ബജറ്റില്‍ പ്രതിരോധ ചെലവ് വര്‍ധിപ്പിച്ച് ചൈന. സൈനികനടപടികള്‍ ശക്തമാക്കാനാണ് ചൈനയുടെ നീക്കം. ഈ ബജറ്റില്‍ 7.2% ആണ് പ്രതിരോധ ചെലവ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 224.79 ബില്യണ്‍ ഡോളറാണ് (ഏകദേശം 18 ലക്ഷം കോടി രൂപ) ബജറ്റില്‍ പ്രതിരോധത്തിനായി വകയിരുത്തിയിരിക്കുന്നത്. അതിര്‍ത്തി മേഖലകളില്‍ യുദ്ധത്തിന് സജ്ജരായിരിക്കാനും സൈന്യത്തോട് ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങ് നിര്‍ദേശിച്ചു.സൈനികശേഷി വര്‍ധിപ്പിച്ചും യുദ്ധസജ്ജരായും ഏകോപനം കര്‍ശനമാക്കേണ്ടതുണ്ടെന്ന് പാര്‍ലമെന്റിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ലീ കെഖിയാങ് വ്യക്തമാക്കി.
പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ മൂന്നാം തുടര്‍ഭരണത്തിന്റെ ഔപചാരിക തുടക്കം പ്രഖ്യാപിച്ച് അവതരിപ്പിച്ച ദേശീയ ബജറ്റിലാണ് പ്രതിരോധച്ചെലവ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ എട്ടാം വര്‍ഷമാണ് ചൈന തങ്ങളുടെ പ്രതിരോധ ബജറ്റ് വര്‍ധിപ്പിക്കുന്നത്. 2020ല്‍ 6.6 ശതമാനവും 2021ല്‍ 6.8 ശതമാനവും 2022 ല്‍ 7.1 ശതമാനവുമായിരുന്നു പ്രതിരോധ ബജറ്റിലെ വര്‍ധന.എന്നാല്‍ രാജ്യം ഈ വര്‍ഷം പ്രതീക്ഷിക്കുന്ന മൊത്തം ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച 5% ആയിരിക്കുമെന്ന് പ്രധാനമന്ത്രി ലീ കെഖിയാങ് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞു. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യത്തിനുളള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലും അപ്രതീക്ഷിത ഘടകങ്ങള്‍ക്കൂടി പരിഗണിച്ചാണ് വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമാക്കിയത്.