സിസോദിയ ജയിലിലേക്ക്; സെല്ലില്‍ ഭഗവത് ഗീത അനുവദിക്കും

സിസോദിയ ജയിലിലേക്ക്; സെല്ലില്‍ ഭഗവത് ഗീത അനുവദിക്കും

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ റോസ് അവന്യൂ ജില്ലാ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സി.ബി.ഐ കസ്റ്റഡി അവസാനിച്ചതോടെയാണ് സിസോദിയയെ കോടതിയില്‍ ഹാജരാക്കിയത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെ അദ്ദേഹത്തെ ജയിലിലേയ്ക്ക് മാറ്റും. സിസോദിയയുടെ ജാമ്യഹര്‍ജി ഈമാസം 10-ന് കോടതി പരിഗണിക്കും.

നിലവില്‍ റിമാന്‍ഡ് ആവശ്യമില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അടുത്ത 15 ദിവസത്തിനുള്ളില്‍ തങ്ങള്‍ ആവശ്യപ്പെട്ടേക്കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. വാറന്റ് നല്‍കുകയും പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടും നിയമ വിരുദ്ധമായാണ് സി.ബി.ഐ പ്രവര്‍ത്തിക്കുന്നതെന്നാണ് പ്രതിഭാഗം പറയുന്നതെന്ന് സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്ക് വിധേയനാക്കി സി.ബി.ഐ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മനീഷ് സിസോദിയ കോടതിയില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം വിപാസന ജയിലില്‍ പാര്‍പ്പിക്കുന്നത് പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ച കോടതി,ഒരു ജോഡി കണ്ണടകളും ഡയറിയും പേനയും ഭഗവദ് ഗീതയും ജയിലിലേയ്ക്ക് കൊണ്ടുപോകാന്‍ അനുവാദം കൊടുത്തു. സി.ബി.ഐ നടത്തിയ വൈദ്യ പരിശോധനയ്ക്കിടെ നിര്‍ദ്ദേശിച്ച മരുന്നുകള്‍ ജയിലിലേയ്ക്ക് കൊണ്ടുപോകാനും കോടതി അനുവദിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *