വിഴിഞ്ഞം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണം: കെ. എല്‍.സി.എ

വിഴിഞ്ഞം സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് നടപടികള്‍ അവസാനിപ്പിക്കണം: കെ. എല്‍.സി.എ

കൊച്ചി: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും എതിരേ എടുത്തിരിക്കുന്ന ക്രിമിനല്‍ കേസുകള്‍ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീര്‍പ്പാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്ന് കെ.എല്‍.സി.എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയ സമയം കേസ് സംബന്ധമായ കാര്യങ്ങളില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലായെന്ന് ബന്ധപ്പെട്ടവര്‍ക്ക് അന്ന് വാക്കാല്‍ ഉറപ്പ് നല്‍കിയതാണ്. 181 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഗുരുതരവകുപ്പുകള്‍ ഇട്ടിരിക്കുന്ന കേസുകളില്‍ ഒന്നായ പോലിസ് സ്റ്റേഷന്‍ ആക്രമണം സംബന്ധിച്ച കേസ് വൈദികര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എന്ന കണ്ടെത്തല്‍ ശരിയല്ല. അന്നുണ്ടായ സംഭവവികാസങ്ങളുടെ യഥാര്‍ത്ഥ വസ്തുതയും പുറമേനിന്ന് ആരൊക്കെയാണ് അവിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ എത്തിച്ചേര്‍ന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണം എന്നത് സമരം അവസാനിപ്പിച്ച സമയവും അതിനുശേഷവും മുന്നോട്ടുവെച്ച കാര്യങ്ങളില്‍ ഒന്നാണ്. അക്കാര്യത്തില്‍ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.

ഒത്തുതീര്‍പ്പ് ചര്‍ച്ചകളുടെ ഭാഗമായി ഉണ്ടാക്കിയ ധാരണകളില്‍ പ്രദേശത്തെ ചുറ്റുമുതല്‍ കെട്ടുക, കുരിശടി മാറ്റി കൊടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ സമ്മര്‍ദം ചെലുത്തുകയും സമരസമിതിയോട് ഉറപ്പു നല്‍കിയ കാര്യങ്ങളില്‍ കാലതാമസം വരുത്തുകയും ചെയ്യുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. കുറ്റപത്രം കോടതിയില്‍ ഫയലാക്കിയ ശേഷം വിഷയം ഗുരുതരമാക്കാതെ കുറ്റപത്രം ഫയല്‍ ചെയ്യുന്നതിന് മുമ്പ് തന്നെ വിഷയം ഒത്തുതീര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കണമെന്ന് കെ.എല്‍.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ.തോമസ്, ജനറല്‍ സെക്രട്ടറി ബിജു ജോസി, തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റും സമരസമിതി കണ്‍വീനറുമായ പാട്രിക് മൈക്കിള്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *