കോഴിക്കോട്: അന്തര്‍ദേശീയ വനിതാദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി സൗജന്യ വിളര്‍ച്ചാ പരിശോധനാ ക്യാമ്പ് നടത്തുന്നു. സംസ്ഥാന ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ 15നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പങ്കെടുക്കാം. എട്ടിന് ബുധനാഴ്ച രാവിലെ 10മണി മുതല്‍ വൈകീട്ട് 3.30 വരെ മുതലക്കുളത്തെ പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ അനീമിയ പരിശോധന, വിദഗ്ധ ഡോക്ടര്‍മാരുടെ ബോധവല്‍ക്കരണ ക്ലാസ്, ഡയറ്റ് കൗണ്‍സലിങ് എന്നിവയുണ്ടാകും. ‘വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്ക്’ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘വിവ ക്യാമ്പയി’നിന്റെ ഭാഗമാണ് പരിശോധനക്യാമ്പ്. സ്ത്രീകള്‍ക്കിടയില്‍ വിളര്‍ച്ച ഒരു രോഗമായി വ്യാപിക്കുന്നു എന്ന ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ ആരോഗ്യത്തിന് ഊന്നല്‍ നല്‍കിയാണ് ഈ ക്യാമ്പയിന്‍ ആരംഭിക്കുന്നത്. 15നും 59നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 57 ശതമാനം പേര്‍ക്കും വിളര്‍ച്ചയുണ്ട് എന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. നേരത്തെയുള്ള കണ്ടെത്തലും ആഹാരക്രമീകരണവുംകൊണ്ട് ഈ രോഗത്തെ മറികടക്കാന്‍ സാധിക്കും.