ബെംഗളൂരു: രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍. കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാലാണ് രാഹുല്‍ ഗാന്ധി വിവാഹം കഴിക്കാത്തതെന്നായിരുന്നു പരാമര്‍ശം. കര്‍ണാടകയിലെ രാമനഗരയില്‍ നടന്ന ബി.ജെ.പി.യുടെ വിജയ് സങ്കല്‍പ്പ് യാത്രയുടെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് ബിജെപി നേതാവ് വിവാദ പരാമര്‍ശം നടത്തിയത്.
‘രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും എല്ലാവരോടും വാക്സിനുകള്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ടു. വാക്‌സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവര്‍ കാരണമായി പറഞ്ഞത്. എന്നാല്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി രാത്രിയിലെത്തി വാക്സിനെടുത്തു. അതിനാല്‍ രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തത്,’ നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. വാക്സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും ആരോപിച്ചു.
നളിന്‍ കുമാര്‍ രാഹുല്‍ ഗാന്ധിക്കെതിരേ ഇത്തരത്തില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് ആദ്യമായല്ല.രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വില്‍പ്പനക്കാരനുമാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നതായി അറിയാമെന്നായിരുന്നു നളിന്‍ കുമാര്‍ കട്ടീല്‍ ഇതിനു മുമ്പ് നടത്തിയ പരാമര്‍ശം. ഇത് കൂടാതെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലവ് ജിഹാദ് വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ റോഡ്, കാന എന്നീ ചെറിയ പ്രശ്‌നങ്ങളിലല്ലെന്നുമുളള നളിന്‍ കുമാറിന്റെ പ്രസ്താവനയും വിവാദമായിരുന്നു.