മനുഷ്യനെ ഒന്നായി കാണുന്ന ഗുരുവിന്റെ ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് മതേതര സര്‍ക്കാരിന്റെ ഉത്തരവാദിത്വം: സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍

മനുഷ്യനെ ഒന്നായി കാണുന്ന ഗുരുവിന്റെ ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടത് മതേതര സര്‍ക്കാരിന്റെ ഉത്തരവാദിത്വം: സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍

തലശ്ശേരി: മനുഷ്യനെ ഒന്നായി കാണുന്ന ഗുരുവിന്റെ ആരാധനാലയങ്ങള്‍ സംരക്ഷിക്കേണ്ടതും, വികസനത്തിലേക്ക് നയിക്കേണ്ടതും മതേതര സര്‍ക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണെന്ന് സ്പീക്കര്‍ അഡ്വ.എ.എന്‍ ഷംസീര്‍ പറഞ്ഞു. ജഗന്നാഥ ക്ഷേത്രത്തെ തീര്‍ത്ഥാടന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ വികസന പദ്ധതികളാണ് നടന്നു വരുന്നത്. 4.98 കോടി രൂപ ചിലവില്‍ നവോത്ഥാന മ്യൂസിയത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 15 കോടി രൂപ ചിലവില്‍ ക്ഷേത്രച്ചിറയുടെ നവീകരണവും പരിസര സൗന്ദര്യവല്‍ക്കരണവും നടന്നു കഴിഞ്ഞു. മഹത്തായ പൈതൃകവും സംസ്‌കൃതിയുമുള്ള ആരാധനാലയങ്ങള്‍ മനുഷ്യര്‍ക്കെല്ലാം വന്നു ചേരാനുള്ള കേന്ദ്രങ്ങളാവണം. ജഗന്നാഥ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വമാനവിക ദര്‍ശനത്തിന്റെ മഹാപ്രവാചകനായിരുന്നു ഗുരുദേവനെന്ന് ശിവഗിരിയിലെ സന്യാസിശ്രേഷ്ഠന്‍ ശ്രീമദ് ഗുരുപ്രസാദ് സ്വാമികള്‍ പറഞ്ഞു. മാനവികതയുടെ പര്യായമാണ് ഗുരുവിന്റെ നാമം ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നുള്ള ഭൗതികതയുടെ പ്രവാചകനായിരുന്നു ഗുരുദേവന്‍. സനാതനമായ തത്വസംഹിത നമുക്ക് ലഭിച്ചത് ഗുരുക്കമാരുടെ പരമ്പരയിലൂടെയാണ്. ദേവാലയങ്ങള്‍ അറിവുണ്ടാക്കുന്ന കേന്ദ്രങ്ങളാവണമെന്നാണ് ഗുരു നിഷ്‌ക്കര്‍ഷിച്ചത്. ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയാണിരുന്നു ഗുരുപ്രസാദ് സ്വാമികള്‍.

സംഘര്‍ഷഭരിതരായ പരിസരങ്ങളില്‍ ആനന്ദത്തിന്റെ കണികകള്‍ ഉണ്ടാവണമെന്നും, എങ്കിലേ അനുഭൂതിയെ സ്പര്‍ശിക്കാനാവുകയുള്ളൂവെന്നും മുഖ്യാതിഥിയായി പങ്കെടുത്ത ഡോ.അബ്ദുള്‍ സമദ് സമദാനി എം.പി.അഭിപ്രായപ്പെട്ടു. നഗരസഭ മുന്‍ ചെയര്‍മാന്‍ സി.കെ രമേശന്‍, നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍. രഷ്മ, അഡ്വ.കെ.സത്യന്‍, സംസാരിച്ചു. സി. ഗോപാലന്‍ സ്വാഗതവും, ടി.പി.ഷിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ചിരിമ വോയ്‌സ് അവതരിപ്പിച്ച മെഗാഷോയും, ബംബര്‍ ആഘോഷരാവും അരങ്ങേറി. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഡോ.ടി.വി സുനിത ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം ജമുനാ റാണി ടീച്ചര്‍ അധ്യക്ഷത വഹിക്കും. ‘സ്ത്രീയും കേരളീയ നവോത്ഥാനവും ഗുരുദര്‍ശനവും’ എന്ന വിഷയത്തില്‍ സ്വാമിനി നിത്യ ചിന്‍മയി മുഖ്യഭാഷണം നടത്തും. പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ നൃത്താവിഷ്‌കാരം അരങ്ങേറും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *