- 32 ഫയര്‍ എന്‍ജിനുകള്‍ എത്തിച്ചു
- പുക ആലപ്പുഴ ഭാഗത്തേക്ക്
തിരുവനന്തപുരം: ബ്രഹ്‌മപുരത്തെ തീ നിയന്ത്രണവിധേയം. ആളിക്കത്തുന്ന തീ കഴിഞ്ഞ ദിവസം അണച്ചെങ്കിലും പുക ഇപ്പോഴും ഉയരുകയാണ്. തീപ്പിടിത്തം ആരംഭിച്ചിട്ട് അഞ്ചാം ദിനമാണിന്ന്. കൊച്ചി നഗരത്തില്‍ പുക കുറഞ്ഞെങ്കിലും കാറ്റിന്റെ ദിശ മാറിയതോടെ ആലപ്പുഴ ജില്ലയിലെ അരൂര്‍, കുമ്പളം അടക്കമുള്ള ഭാഗങ്ങളിലേക്ക് പുക പടരുകയാണ്.
തീപിടിത്തം നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഇന്നു വൈകിട്ടോടെ തീ പൂര്‍ണ്ണമായി അണയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞിരുന്നു. എന്നാല്‍, രാത്രിയായിട്ടും തീ അണയ്ക്കാനായില്ല. നിലവിലെ പ്രതിസന്ധി മറികടക്കുന്നതിനുള്ള ഹ്രസ്വകാല നടപടികളും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘകാല നടപടികളുമാണ് യോഗം ചര്‍ച്ച ചെയ്തത്. രണ്ട് വലിയ ഹൈപവര്‍ ഡീ വാട്ടറിംഗ് പമ്പ് സെറ്റുകള്‍ ഉപയോഗിച്ച് കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുത്ത് പമ്പ് ചെയ്യുകയാണ്. ഫ്‌ളോട്ടിംഗ് ജെസിബി യുടെ സഹായത്തോടെ കടമ്പ്രയാര്‍ വൃത്തിയാക്കിയാണ് ജലമെടുക്കുന്നത്.
32 ഫയര്‍ എന്‍ജിനുകളാണ് തീയണയ്ക്കുന്നത്. കൂടുതല്‍ പോര്‍ട്ടബിള്‍ പമ്പുകള്‍ കൂടി സജ്ജീകരിക്കും. കടമ്പ്രയാറില്‍ നിന്ന് വെള്ളമെടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാല്‍ എഫ്.എ.സി.ടി.യിലെ തടാകത്തില്‍ നിന്നെടുക്കും. മാലിന്യം ശേഖരിക്കല്‍ പുനരാരംഭിക്കുന്നതുവരെ മാലിന്യ സംസ്‌കരണത്തിന് താത്കാലിക സംവിധാനം ഏര്‍പ്പെടുത്തും. ഭാവിയില്‍ തീപിടിത്തം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്ത നങ്ങള്‍ ഏകോപിപ്പിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ഏകോപന സമിതി രൂപീകരിച്ചു.
ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഏറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാല്‍ ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് രേണു രാജ് അറിയിച്ചു.
പുകമൂലം ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചികിത്സിക്കുന്നതിനായി പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 100 കിടക്കകള്‍, തൃപ്പൂണിത്തുറയിലെ താലുക്ക് ആശുപത്രിയില്‍ 20 കിടക്കകള്‍, കളമശേരി മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ക്കായി 10 കിടക്കകളും സ്‌മോക്ക് കാഷ്വാലിറ്റിയും സജ്ജമാക്കിയിട്ടുണ്ട്. തീയണയ്ക്കുന്നതിന് രംഗത്തുള്ള അഗ്‌നി രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസതടസം ഉണ്ടായാല്‍ ഉപയോഗിക്കുന്നതിനായി രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ ബ്രഹ്‌മപുരത്ത് സജ്ജമാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സും ഉണ്ട്.
ബ്രഹ്‌മപുരത്തിനും സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 2 കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജ്: 8075774769, ഡിഎംഒ ഓഫീസ്: 0484 2360802 എന്നിവിടങ്ങളിലാണ് കണ്‍ട്രോള്‍ റൂമുകള്‍. വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വരുന്ന ഒരാഴ്ച്ച 24 മണിക്കൂറും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അധിക ജീവനക്കാരെ നിയോഗിച്ചു. നിലവില്‍ വൈറ്റിലയിലെയും ബി.പി.സി.എല്ലിലെയും നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം അനുസരിച്ച് വായുവിന്റെ ഗുണനിലവാരത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.