ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ സൈബി മേഖലയില്‍ വീണ്ടും ചാവേര്‍ സ്ഫോടനം. ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഏഴ് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.ബലൂചിസ്ഥാനിലെ സമ്പന്നമായ ഗ്യാസും ധാതുസമ്പത്തും ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം സര്‍ക്കാരിനെതിരെ പോരാടുകയാണ്. ഇതിനിടെയാണ് ചാവേര്‍ സ്ഫോടനം ഉണ്ടായിരിക്കുന്നത്.
ചാവേര്‍ ബൈക്കിലെത്തി പൊലീസ് ട്രക്കിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് 160 കിലോമീറ്റര്‍ കിഴക്കുള്ള സൈബി നഗരത്തിലാണ് ആക്രമണം നടന്നത്. പൊലീസ് വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, അക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാകിസ്ഥാന്റെ വിവിധ നഗരങ്ങളില്‍ പൊലീസിനെതിരെ തീവ്രവാദി ആക്രമണം നടന്നിരുന്നു. സ്ഫോടനത്തില്‍ ഇരുപതിലധികം നാട്ടുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.