കോഴിക്കോട്: കവിയും സംഗീതജ്ഞനും സര്‍വ്വമത പണ്ഡിതനും ജില്ലാ അഡീഷണല്‍ മെഡിക്കല്‍ ഓഫിസറുമായ ഡോ.പീയുഷ് നമ്പൂതിരിപ്പാടിനെ ഈ വര്‍ഷത്തെ പത്മശ്രീ ഗുരു ചേമഞ്ചേരി ദേശീയ പുരസ്‌കാരത്തിന് ചേലിയ എയിഡഡ് യു.പി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി തെരഞ്ഞെടുത്തതായി ഭാരവഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രശസ്ത ശില്‍പ്പി കെ.ആര്‍ ബാബു രൂപകല്‍പ്പന ചെയ്ത ശിലാഫലകവും പ്രശസ്തി പത്രവും 1,11,000 രൂപ ക്യാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം മാര്‍ച്ച് അവസാന വാരത്തില്‍ നടക്കുന്ന പത്മശ്രീ ഗുരു ചേമഞ്ചേരി അനുസ്മരണ സമ്മേളനത്തില്‍ സമ്മാനിക്കും. കലാ-സാംസ്‌കാരിക-സാഹിത്യ-വൈദ്യശാസ്ത്ര മേഖലകളിലെ നിസ്തുല സേവനവും പഴശ്ശിരാജ സ്‌കൂള്‍, പഴശ്ശിരാജ ട്രസ്റ്റ് എന്നിവയുടെ ചെയര്‍മാന്‍ എന്ന നിലയിലുള്ള ഭരണമികവും ” നിസ്സംഗനായ യാത്രികന്‍” എന്ന കവിതാ സമാഹരണത്തിന്റെ ഉള്ളടക്കവും പരിഗണിച്ചാണ് പീയൂഷിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ എന്‍.വി ബാബുരാജ്, ഹെഡ്മിസ്ട്രസ് കെ.പി ദിവ്യ, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീരേഖ, ജൂറി കമ്മിറ്റി ചെയര്‍മാന്‍ എം.വി കുഞ്ഞാമ്മു, വൈസ് ചെയര്‍മാന്‍ പിഅനില്‍ബാബു എന്നിവര്‍ പങ്കെടുത്തു.