ന്യൂഡല്‍ഹി: കേരളത്തില്‍ ക്രമസമാധാനനില സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുകയാണെന്ന് മഹിളാ മോര്‍ച്ചയുടെ ട്വീറ്റ് പങ്കുവെച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ച വനിതാ നേതാവിനെ പുരുഷ പൊലീസ് പിടിച്ചുമാറ്റിയ സംഭവത്തില്‍ മഹിളാമോര്‍ച്ചയ്ക്ക് പിന്തുണ അറിയിച്ച് സംസാരിക്കുകയായിരുന്നു അവര്‍. വിഷയം ഏറ്റെടുക്കുമെന്ന് അറിയിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖ ശര്‍മ, മാര്‍ച്ച് ഒമ്പതിന് കേരളത്തില്‍ എത്തുമെന്നും അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് മുണ്ടക്കല്‍താഴം ജംഗ്ഷനില്‍ ആയിരുന്നു സംഭവമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെയാണ് പൊലീസ് തടഞ്ഞത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
മഹിളാ മോര്‍ച്ചയുടെ ട്വീറ്ററില്‍ സംഭവം കണ്ട ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ഈ ട്വീറ്റ് പങ്ക് വെച്ചായിരുന്നു വിഷയത്തില്‍ വനിതാ കമ്മിഷന്‍ ഇടപെടും എന്നറിയിച്ചത്. ദേശീയ വനിതാ കമ്മീഷന്‍ വിഷയത്തില്‍ ഇടപെടണമെന്ന് മഹിളാ മോര്‍ച്ച ആവശ്യപ്പെട്ടിരുന്നു.