തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഏഷ്യാനെറ്റ് കൊച്ചി റീജ്യനല്‍ ഓഫിസ് അതിക്രമത്തില്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. എന്നാല്‍, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.
ഏഷ്യാനെറ്റ് കൊച്ചി റീജിനല്‍ ഓഫിസില്‍ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പി.സി വിഷ്ണുനാഥ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഓഫിസ് അതിക്രമത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.
ലഹരി മാഫിയക്കെതിരായ വാര്‍ത്തയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ എന്തിനാണ് പ്രകോപിതരാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് ചോദിച്ചു. ലഹരി മാഫിയക്ക് എതിരായ വാര്‍ത്ത എങ്ങനെ സംസ്ഥാന സര്‍ക്കാരിന് എതിരാകും. എസ്.എഫ്.ഐക്ക് സെന്‍സര്‍ഷിപ്പ് ചുമതല ആരാണ് നല്‍കിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് കൊച്ചി ഓഫിസില്‍ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് സഭയില്‍ പറഞ്ഞു. ഇതിനെതിരെ ഭരണപക്ഷ അംഗങ്ങള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തി. മാധ്യമ സ്ഥാപനത്തില്‍ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സര്‍ക്കാര്‍ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങള്‍ക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സര്‍ക്കാറിനെതിരെ വാര്‍ത്തകള്‍ കൊടുക്കരുതെന്നും ജനങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.
അതേസമയം, ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണല്‍ ഓഫീസിനുനേരെയുണ്ടായ എസ്.എഫ്.ഐ അതിക്രമത്തില്‍ പത്ത് പ്രതികളെക്കൂടി പോലിസ് തിരിച്ചറിഞ്ഞു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അര്ജുന് ബാബുവിന്റെ നേതൃത്വത്തിലാണ് ഓഫിസിലേക്ക് ഇരച്ചുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവര്‍ത്തനം തടസപ്പെടുത്തിയതെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടറി അര്ജുന് ബാബു അടക്കം പത്തുപേരെയാണ് കൊച്ചി സിറ്റി പൊലീസ് തിരിച്ചറിഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ് ഹാജരാക്കിയ ദൃശ്യങ്ങളില്‍ നിന്നും ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിത്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.