തലശ്ശേരി: ചെണ്ടമേളത്തില്‍ ശ്രദ്ധേയനായി ആറു വയസുകാരന്‍ ജഗത്കൃഷ്ണന്‍. വടക്കുമ്പാട് പെരുന്താറ്റില്‍ കോയിത്തട്ട ശ്രീപോര്‍ക്കലി ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്രത്തില്‍ ജഗത്കൃഷ്ണന്‍ ചെണ്ടമേളം അവതരിപ്പിച്ചത്. ചെറുപ്രായത്തില്‍ ചെണ്ടമേളങ്ങളുടെ വീഡിയോ കാണുന്നതായിരുന്നു ജഗത്കൃഷ്ണന്റെ വിനോദം. രണ്ടരവയസില്‍ ഫ്‌ളവേഴ്‌സ് ചാനലില്‍ കോമഡി ഉത്സവം എന്ന പ്രോഗ്രാമില്‍ പങ്കെടുത്തിട്ടുണ്ട് ഈ കൊച്ചു കലാകാരന്‍. പ്രവാസികളായ തലശ്ശേരി പെരുന്താറ്റില്‍ സ്വദേശി പ്രജില്‍കുമാറിന്റേയും ലിംനയുടേയും മകനാണ് ഈ കൊച്ചുമിടുക്കന്‍.
മൂന്നാം വയസില്‍ ആദ്യ ഗുരുവായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറിന് ദഷിണ നല്‍കിയാണ് ജഗത്കൃഷ്ണന്റെ മേള ലോകത്തേക്കുള്ള യാത്ര തുടങ്ങുന്നത്. കുറച്ചു നാള്‍ പ്രശാന്ത് മാരാര്‍ കാഞ്ഞങ്ങാടിന്റെ കീഴിലും, ഇപ്പോള്‍ സതീശന്‍ പൈങ്കുളത്തിന്റെ കീഴിലും ചെണ്ട പരിശീലനം നടത്തുന്നുണ്ട്. കൂടാതെ അവധി ദിവസങ്ങളില്‍ ദുബായിലുള്ള ദര്‍ശനം ബജന്‍സ് ടീമിന്റെ കൂടെ ഗഞ്ചിറ കൊട്ടാനും പോകാറുണ്ട്. ഏത് പാട്ട് കേട്ടാലും അതിന് താളം പിടിച്ചു കൊട്ടാനുള്ള കഴിവുണ്ട് ജഗത് കൃഷ്ണന്. സ്വന്തം നാട്ടില്‍ മകന്റെ ചെണ്ട മേളത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പി
താവ് പ്രജില്‍ കുമാര്‍ പറഞ്ഞു.
രാജേഷ് ചേര്‍ത്തലയുടെ ഓടക്കുഴല്‍ നാദത്തിനൊപ്പം ചെണ്ടയില്‍ ഫ്യൂഷന്‍ ചെയ്തപ്പോള്‍, അത് കണ്ട് അദ്ദേഹം ഫോണ്‍ വഴി അഭിനന്ദനങ്ങള്‍ അറിയിച്ചു. പിന്നീട് അദ്ദേഹം മകനെ നേരില്‍ കണ്ട് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നതായും പിതാവ് പറയുന്നു. റാസല്‍ ഖൈമ അയ്യപ്പ ധര്‍മ്മ സംരക്ഷണ അധ്യാത്മിക സമിതിയുടെ അയ്യപ്പ മഹോത്സവത്തില്‍ വച്ച് പ്രശസ്ത സോപാന സംഗീതജ്ഞന്‍ അമ്പലപ്പുഴ വിജയകുമാര്‍ പൊന്നാട അണിയിച്ച് ജഗത്കൃഷ്ണനെ ആദരിച്ചിട്ടുണ്ട്. ദുബായ് -ഗള്‍ഫ് ഇന്ത്യന്‍ ഹൈ സ്‌കൂളില്‍ ഗ്രേഡ്1ലാണ് ജഗത് പഠിക്കുന്നത്. ആറു വയസിനുള്ളില്‍ ഇരുപത്തിയഞ്ചില്‍പരം വേദികളില്‍ ചെണ്ട കൊട്ടിക്കഴിഞ്ഞു. യു.എ.ഇ യിലെ വിവിധ ചാനലുകളില്‍ ഈ കൊച്ചു കലാകാരനെ കുറിച്ചു ഷോ ചെയ്തിട്ടുണ്ട്. ചെണ്ടയില്‍ മാത്രമല്ല
സ്‌കേറ്റിംഗിലും, ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ മിടുക്കന്‍.