ചാലക്കര പുരുഷു
തലശ്ശേരി: 1906 മാര്‍ച്ച് 17നാണ് ശ്രീ നാരായണ ഗുരു അധികമാരുമറിയാതെ തലശ്ശേരിയിലെത്തിയത്. തലശ്ശേരിയില്‍ വണ്ടിയിറങ്ങിയ ഗുരുവിനെ റെയില്‍വെ ജീവനക്കാരനായ ചക്യത്ത് കേളനാണ് റാന്തലിന്റെ വെളിച്ചത്തില്‍ ശിവഗിരിയില്‍ ചെന്ന് തലശ്ശേരിയിലേക്ക് ക്ഷണിച്ച വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്റെ വീട്ടിലെത്തിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ സമുദായത്തിലുണ്ടായിരുന്ന ഭിന്നതകള്‍ തീര്‍ക്കാനും അമ്പലത്തിന് ഉചിതമായ സ്ഥലം കണ്ടെത്താനുമാണ് വിനിയോഗിച്ചത്. ഇന്ന് ക്ഷേത്രം നിലനില്‍ക്കുന്ന മഠത്തില്‍ പറമ്പ് ഗുരുവിന് ഏറെ ഇഷ്ടമായി. മാര്‍ച്ച് 23ന് രാവിലെ ഗുരു തന്നെ ക്ഷേത്രത്തിന് കുറ്റിയടിക്കുകയും ചെയ്തു.
മുഹൂര്‍ത്ത കല്ല് വയ്ക്കാന്‍ നിയോഗമുണ്ടായത് കൊറ്റിയത്ത് രാമുണ്ണി വക്കീലിനായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം 1908 ഫെബ്രുവരിയിലാണ് ക്ഷേത്രം പണി പൂര്‍ത്തിയായത്. കുംഭമാസത്തിലെ പുണര്‍തം നാളിലാണ് ഗുരു തന്നെ പ്രതിഷ്ഠയും നടത്തിയത്. പ്രതിഷ്ഠക്ക് മുമ്പ് മേലില്‍ ഈ ക്ഷേത്രത്തിന്റെ താന്ത്രികാവകാശം ശിവഗിരിക്കായിരിക്കുമെന്ന് ഗുരു കല്‍പ്പിച്ചിരുന്നു. രാജ്യത്തെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ പേരാണ് ഗുരു ഇവിടേയും നല്‍കിയത്. ജാതിവിവേചനമില്ലാത്ത ക്ഷേത്രമായിരുന്നു അത്. ഉത്സവകാലത്തിന്റെ തുടക്കം തൊട്ടേ നടത്തിപ്പോന്ന പ്രമുഖ വിദ്വാന്‍മാരെ അണിനിരത്തിയിട്ടുള്ള നാദസ്വരവും, പ്രമുഖരെ പങ്കെടുപ്പിച്ചുള്ള സാംസ്‌കാരിക സമ്മേളനങ്ങളും ഇന്നും തുടരുന്നു.