ന്യൂഡല്‍ഹി: പുതിയ കാലത്ത് ഏറ്റവും വലിയ വെല്ലുവിളി അസഹിഷ്ണുതയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകളുടെ കാലത്ത് സത്യം ഇരയാക്കപ്പെടുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അമേരിക്കന്‍ ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹമാധ്യമങ്ങളുടെ വ്യാപനത്തോടെ ജഡ്ജിമാര്‍ പോലും ട്രോള്‍ ചെയ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.അവരുടെ അഭിപ്രായവുമായി യോജിക്കുന്നില്ലെങ്കില്‍ ചെയ്യുന്ന എല്ലാകാര്യങ്ങളിലും ജഡ്ജിമാര്‍ക്ക് പോലും രക്ഷയില്ലാതെ ട്രോള്‍ ചെയ്യപ്പെടുകയാണ്.വിത്തായി വിതയ്ക്കുന്നത് യുക്തി കൊണ്ട് പരിശോധിക്കാന്‍ കഴിയാത്ത വിധത്തില്‍ വളര്‍ന്ന് പന്തലിക്കുകയാണ്.ആളുകള്‍ക്ക് സഹിഷ്ണുത കുറഞ്ഞുവരികയാണെന്നും സ്വന്തം കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ ആളുകള്‍ അസഹിഷ്ണുക്കള്‍ ആയിമാറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാങ്കേതിക വിദ്യയും അതിന്റെ അനുരണനവും നിയന്ത്രണത്തിന് അപ്പുറത്താവുന്നു എന്നതാണ് ഇന്ന് സമൂഹം നേരിടുന്ന വെല്ലുവിളി.യാത്രയും സാങ്കേതിക വിദ്യയും വികസിച്ചതിനൊപ്പം മാനവികത വളര്‍ന്നിട്ടുണ്ട. എങ്കിലും വ്യക്തിപരമായി നമ്മള്‍ വിശ്വസിക്കുന്നതിന് പുറത്തുള്ളവയെ സ്വീകരിക്കുന്നതില്‍ നിന്നും ഇത് തടയുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.