ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിശാല പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് തുറന്നടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മേഘാലയയില്‍ അഞ്ച് സീറ്റുകള്‍ നേടിയെങ്കിലും ത്രിപുരയില്‍ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. പശ്ചിമ ബംഗാളിലെ സാഗര്‍ദിഹി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതും കൂട്ടി വായിക്കുമ്പോള്‍ വലിയ തിരിച്ചടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് കണക്കുകൂട്ടിയിരിക്കുന്ന മമത ബാനര്‍ജിക്ക് ഉണ്ടായിരിക്കുന്നത്.
വര്‍ഷങ്ങളായി തൃണമൂല്‍ കോണ്‍ഗ്രസ് കൈവശം വെച്ചിരിക്കുന്ന സാഗര്‍ദിഹി മണ്ഡലത്തില്‍ സിപിഐഎം പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. തോല്‍വിക്ക് പിന്നാലെ വിശാല പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് തുറന്നടിച്ചാണ് മമത രംഗത്തെത്തിയത്. ബിജെപിക്കും കോണ്‍ഗ്രസിനും സിപിഐഎമ്മിനും പരസ്പര സഹകരണ ബന്ധമാണുള്ളതെന്നും അവര്‍ ആരോപിച്ചു. ബിജെപിയെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാമെന്നും കോണ്‍ഗ്രസിനോ സിപിഐഎമ്മിനോ വോട്ട് ചെയ്യുന്നവര്‍ ബിജെപിക്കാണ് വോട്ട് നല്‍കുന്നതെന്നും മമത ബാനര്‍ജി വിമര്‍ശിച്ചു.
ത്രിപുരയില്‍ പോളുചെയ്ത വോട്ടുകളുടെ ഒരു ശതമാനം പോലും നേടാന്‍ തൃണമൂല്‍ കോണ്‍ഗ്രസിനായിട്ടില്ല. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടും ഇതിന്റെ ഫലം വോട്ടില്‍ പ്രതിഫലിച്ചില്ലെന്നത് തൃണമൂലിന് തിരിച്ചടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പോടു കൂടി ത്രിപുരയില്‍ പാര്‍ട്ടി പ്രധാന ഘടകമാകുമെന്ന വിലയിരുത്തലുകളുമുണ്ടായിരുന്നു. പല അനുകൂല ഘടകങ്ങളുണ്ടായിട്ടും അക്കൗണ്ട് തുറക്കാനാകാത്തതില്‍ എവിടെയാണ് പാര്‍ട്ടിക്ക് പിഴച്ചതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
മേഘാലയയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മുകുള്‍ സാംഗ്മ ഉള്‍പ്പടെ പാര്‍ട്ടിയിലേക്കെത്തിയത് തൃണമൂലിന് വലിയ നേട്ടമായിരുന്നു. സംസ്ഥാനത്തില്‍ അധികാരം പിടിക്കുന്നതിനോ പ്രധാന പ്രതിപക്ഷമാകുന്നതിനോ ഉള്ള സാധ്യത കല്‍പ്പിച്ചായിരുന്നു തൃണമൂലിന്റെ നിയമസഭാ പ്രവര്‍ത്തനങ്ങളും. എന്നാല്‍ ‘പുറത്തുനിന്നുവന്ന’ പാര്‍ട്ടി എന്ന പ്രതിച്ഛായ തൃണമൂലിന് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മുകുള്‍ സാംഗ്മയ്ക്ക് സ്വാധീനമുള്ള മേഖലകള്‍ക്ക് പുറത്ത് വിചാരിച്ച പ്രകടനം കാഴ്ചവെക്കാനും തൃണമൂലിന് സാധിച്ചില്ല.