കണ്ണൂര്‍: വിവാദങ്ങള്‍ക്ക് വിരാമമിട്ട് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ ഇതുവരെ ഇ.പി പങ്കെടുക്കാത്തത് വിവാദമായിരുന്നു. കഴിഞ്ഞ മാസം 20ന് കാസര്‍ക്കോട് നിന്ന് ആരംഭിച്ച പ്രതിരോധ ജാഥയുടെ തൃശൂര്‍ സമ്മേളനത്തിലാണ് ഇ.പി പങ്കെടുക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്താണ് പൊതുസമ്മേളനം.
ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ഇ.പി താന്‍ ജാഥയില്‍ തന്റെ അസാന്നിധ്യവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കും മറുപടി നല്‍കും. എ.കെ.ജി സെന്ററില്‍ കഴിഞ്ഞദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയാണ് ഇ.പി ജാഥയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. അതേസമയം, പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് ജാഥയില്‍ പങ്കെടുക്കുന്നതെന്ന വാര്‍ത്ത ഇ.പി. ജയരാജന്‍ തള്ളിയില്ല. പാര്‍ട്ടി തന്നോട് പറയുന്നത് മാധ്യമങ്ങളോട് പറയാനാകുമോ എന്നായിരുന്നു ഇ.പിയുടെ പ്രതികരണം.
രാവിലെ 9 മണിക്ക് ചെറുതുരുത്തിയില്‍ എത്തുന്ന യാത്രക്ക് പന്ത്രണ്ട് ഇടത്ത് സ്വീകരണം നല്‍കും. വൈകീട്ട് അഞ്ച് മണിക്ക് തേക്കിന്‍കാട് മൈതാനത്ത് പൊതുസമ്മേളനവും ഉണ്ടാകും. പരിപാടിയില്‍ പങ്കെടുക്കാനായി ഇ.പി രാവിലെ തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക് തിരിച്ചു.