ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഇപ്പോള്‍ പടരുന്ന ചുമയും പനിയും എച്ച് 3എന്‍ 2 വൈറസ് മൂലമെന്ന് ഐസിഎംആര്‍. ചുമയും പനിയും ശ്വാസതടസവും ആണ് പ്രധാന ലക്ഷണങ്ങള്‍. കുട്ടികളിലും മുതിര്‍ന്നവരിലും ആണ് രോഗം ബാധിക്കുന്നതെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ചുമ മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടി. ആശുപത്രിയില്‍ ചികിത്സ തേടിയവരില്‍ 16 ശതമാനം പേര്‍ക്ക് ന്യൂമോണിയ ബാധിച്ചതായും ഐസിഎംആര്‍ വ്യക്തമാക്കി.
ശ്വാസതടസം, നെഞ്ചില്‍ ഭാരമുള്ള നിരന്തരമായ വരണ്ട ചുമ എന്നിവ ബാധിച്ചാണ് ഒട്ടുമിക്ക കേസുകളും ആശുപത്രികളില്‍ എത്തുന്നത്. എന്നാല്‍, ഇത് അസാധരണമല്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എല്ലാ വര്‍ഷവും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കാലാവസ്ഥാ വ്യതിയാനം കാരണം വൈറസ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. സീസണല്‍ ഇന്‍ഫ്‌ലുവന്‍സ ബാധിച്ചാല്‍ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ളവരുമാണ്.
ഗര്‍ഭിണികള്‍, ചില ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ എന്നിവരെയും ഗുരുതരമായി ബാധിച്ചേക്കാം. ജനങ്ങള്‍ തിരക്കേറിയ സ്ഥലങ്ങളില്‍ ആവശ്യമിവല്ലാതെ പോകുന്നത് ഒഴിവാക്കണമെന്നും യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിച്ചു. രണ്ട് ദിവസത്തില്‍ കൂടുതല്‍ രോഗലക്ഷണങ്ങള്‍ തുടര്‍ന്നാല്‍ എത്രയും വേഗം ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
രോഗം പടരാതിരിക്കാന്‍ വ്യക്തി ശുചിത്വം ഉറപ്പാക്കണം എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പനി കേസുകളില്‍ 40 ശതമാനവും എച്ച് 3 എന്‍ 2 ബാധിച്ചിട്ടുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ അമിതാഭ് പാര്‍ടി പറഞ്ഞു. എച്ച് 3 എന്‍ 2 കാരണം നിരവധി ആളുകള്‍ പോസ്റ്റ്-വൈറല്‍ ബ്രോങ്കൈറ്റിസ് ബാധിച്ച് ആശുപത്രിയില്‍ എത്തുന്നുണ്ട്.