തലശ്ശേരി: ഉത്തര കേരളത്തില്‍ ശ്രീനാരായണ ഗുരുസ്വാമികള്‍ പ്രതിഷ്ഠിച്ച ആദ്യത്തെ ക്ഷേത്രമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളെത്തി. ഇന്നലെ രാത്രി 9.55ന് ജഗന്നാഥ ക്ഷേത്ര സന്നിധിയില്‍ പരവൂര്‍ ബ്രഹ്‌മശ്രീ രാകേഷ് തന്ത്രികളാണ് കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചത്. ഉദ്ദിഷ്ട കാര്യസിദ്ധിക്കും ഉപകാരസ്മരണയ്ക്കുമായാണ് വിശ്വാസ സമൂഹം കൊടിയേറ്റ വേളയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി ഇവിടെയെത്തുന്നത്.
ശ്രീജ്ഞാനോദയ യോഗം പ്രസിഡന്റ് അഡ്വ. കെ.സത്യന്‍, ഡയരക്ടര്‍മാരായ അഡ്വ.കെ.അജിത്കുമാര്‍, കണ്ട്യന്‍ ഗോപി ,രാജീവന്‍ മാടപ്പീടിക, സി.ഗോപാലന്‍, കെ.കെ പ്രേമന്‍, വി.കെ കുരന്‍ രാഘവന്‍ പൊന്നമ്പത്ത്, ഇ.ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ മുരിക്കോളി, ടി.പി ഷിജു എന്നിവര്‍ നേതൃത്വം നല്‍കി. മഹോത്സവം വന്‍ വിജയമാക്കാന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഇരുന്നൂറോളം ശ്രീ നാരായണമഠങ്ങളും സജീവമായി രംഗത്തുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്ന ചന്തകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും, പലതരം റൈഡുകളും, മരണക്കിണറുമെല്ലാം ഉത്സവ പറമ്പിന്റെ ആകര്‍ഷണമാണ്.
ഇന്നലെ രാത്രിഅത്താഴപൂജക്ക് ശേഷം വമ്പിച്ച കരിമരുന്ന് പ്രയോഗവുമുണ്ടായി.11.15ന് എഴുന്നള്ളത്ത് നടന്നു. അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയാണ് എഴുന്നള്ളത്ത് നടന്നത്. ഇന്ന് വൈകീട്ട് ഏഴ് മണിക്ക് ശിവഗിരി മഠത്തിലെ ഗുരുപ്രസാദ് സ്വാമികളുടെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവികത’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30ന് മെഗാഷോ ബംബര്‍ ആഘോഷരാവ് അരങ്ങേറും.