അലഹബാദ്: ഇന്ത്യയില്‍ പശുക്കളെ സംരക്ഷിത ദേശീയ മൃഗമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി.ഗോഹത്യ നിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുമെന്ന് കരുതുന്നതായി ജസ്റ്റിസ് ഷമിം അഹമ്മദിന്റെ ബെഞ്ച് ആവശ്യപ്പെട്ടു.മതേതര രാജ്യമായ ഇന്ത്യയില്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കണം. ഹിന്ദുമതത്തില്‍ പശു ദൈവികതയേയും ദാനശീലത്തേയും സൂചിപ്പിക്കുന്നുവെന്നും അതിനാല്‍ പശുക്കള്‍ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യണം.
ഹിന്ദുമത വിശ്വാസപ്രകാരം ബ്രഹ്‌മാവ് മതപുരോഹിതരേയും പശുക്കളേയും ഒരേ സമയത്താണ് സൃഷ്ടിച്ചത്.പുരോഹിതര്‍ പൂജ ചെയ്യുന്ന അതേസമയത്തുതന്നെ പശുക്കള്‍ പൂജയ്ക്കാവശ്യമായ നെയ്യ് നല്കിയിരുന്നുവെന്നും അതിനുവേണ്ടിയാണ് ഒരേ സമയത്തുതന്നെ പശുക്കളേയും പുരോഹിതരേയും സൃഷ്ടിച്ചതെന്നും വിധിന്യായത്തില്‍ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കുന്നു.പശുവിനെ ആദരിക്കുന്ന രീതിക്ക് വേദകാലത്തോളം പഴക്കമുണ്ട്.ഹിന്ദു ദൈവങ്ങളായ ശിവനും ഇന്ദ്രനും കൃഷ്ണനും മറ്റു ദേവതകളുമായും പശു ബന്ധപ്പെട്ടിരിക്കുന്നു.
ഹിന്ദുമതത്തില്‍ മൃഗങ്ങളില്‍ വെച്ച് ഏറ്റവും വിശുദ്ധി പശുക്കള്‍ക്കാണ്.പശുവിനെ കൊല്ലുകയോ അതിനനുവദിക്കുകയോ ചെയ്യുന്നവര്‍ തങ്ങളുടെ ശരീരത്തില്‍ രോമങ്ങള്‍ ഉള്ളിടത്തോളം കാലം നരകത്തില്‍ ചീഞ്ഞഴുകുമെന്നാണ് കരുതപ്പെടുന്നത്.പശുവിന്റെ കാലുകള്‍ നാല് വേദങ്ങളാണെന്നും പാലിന്റെ ഉറവിടം നാല് പുരുഷാര്‍ഥങ്ങളാണെന്നും കൊമ്പുകള്‍ ദൈവങ്ങളെ സൂചിപ്പിക്കുന്നുവെന്നും മുഖം ചന്ദ്രനേയും സൂര്യനേയും ചുമലുകള്‍ അഗ്നിയേയും പ്രതീകമാക്കുന്നുവെന്ന് ജസ്റ്റിസ് ഷമിം അഹമ്മദ് പുറപ്പെടുവിച്ച വിധിയില്‍ നിരീക്ഷിക്കുന്നു.