സിഡ്‌നി: ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ബര്‍ബാങ്ക് സബര്‍ബിലുള്ള ശ്രീ ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിന്റെ ചുവരുകള്‍ സാമൂഹ്യവിരുദ്ധര്‍ വികൃതമാക്കിയതായി റിപ്പോര്‍ട്ട്. രണ്ട് മാസത്തിനിടെ ഓസ്ട്രേലിയയില്‍ നാലാമത്തെ സംഭവമാണിത്. ശനിയാഴ്ച രാവിലെ പ്രാര്‍ഥനയ്ക്ക് ഭക്തര്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
സംഭവത്തിനു പിന്നില്‍ ഖലിസ്ഥാന്‍ അനുകൂലികളാണെന്ന് ദ ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ബ്രിസ്ബേനിലെ മറ്റൊരു ഹിന്ദു ക്ഷേത്രമായ ഗായത്രി മന്ദിറിന് നേരെ പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ തീവ്രവാദികളുടെ ഭീഷണി സന്ദേശം വന്നിരുന്നു. ‘മെല്‍ബണിലെ ഹിന്ദു ക്ഷേത്രങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് ഞാന്‍ കേട്ടിരുന്നു. എന്നാല്‍ ഈ അവസ്ഥ കണ്‍മുന്നില്‍ നേരിടുന്നത് വളരെ വേദനാജനകമാണ്’. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന രമേഷ് കുമാര്‍ പറഞ്ഞതായി ദി ഓസ്ട്രേലിയ ടുഡേ റിപ്പോര്‍ട്ടിലുണ്ട്. ക്ഷേത്രത്തിലെ പൂജാരിമാരാണ് തന്നോട് വിവരം പറഞ്ഞതെന്നും പൊലീസിനോട് വിശദവിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ക്ഷേത്രം പ്രസിഡന്റ് സതീന്ദര്‍ ശുക്ല പറഞ്ഞു.
ഓസ്ട്രേലിയയിലെ ഹിന്ദുക്കളെ ഭയപ്പെടുത്താനുള്ള സിഖ് ഫോര്‍ ജസ്റ്റിസിന്റെ നീക്കമാണ് ഈ അതിക്രമങ്ങളെന്ന് ഹിന്ദു ഹ്യൂമന്‍ റൈറ്റ്സ് ഡയറക്ടര്‍ സാറ എല്‍ ഗേറ്റ്സ് പറഞ്ഞു. ഈ കുറ്റകൃത്യം ആഗോളതലത്തില്‍ സിഖ് ഫോര്‍ ജസ്റ്റിസ് പിന്തുടരുന്ന മാതൃകയിലുള്ളതാണ്. ഓസ്ട്രേലിയന്‍ ഹിന്ദുക്കളെ ഭയപ്പെടുത്താനാണ് ശ്രമം.