ആദ്യമധ്യാന്തം ‘ഡ്രാമ’

ആദ്യമധ്യാന്തം ‘ഡ്രാമ’

സുനില്‍ഛേത്രിയുടെ വിവാദ ഗോളില്‍ ബംഗളൂരു എഫ്.സി സെമിഫൈനലിലേക്ക്. മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട് കേരള താരങ്ങള്‍

ബംഗളൂരു: ത്രില്ലര്‍, ആക്ഷന്‍, ഡ്രാമ… കഴിഞ്ഞ ദിവസം ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ഐ.എസ്.എല്‍ നോക്കൗട്ട് മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. ആദ്യ രണ്ടു പകുതിയലേയും ത്രില്ലര്‍ ആക്ഷന്‍ പോരാട്ടത്തില്‍നിന്ന് എക്‌സ്ട്രാ ടൈമിലേക്ക് മത്സരം നീണ്ടപ്പേള്‍ അതിനാടകീയതയിലാണ് ചെന്നവസാനിച്ചത്. തോറ്റാല്‍ സെമി കാണാതെ പുറത്തെന്ന അവസ്ഥയില്‍ ബംഗളൂരു എഫ്.സിക്കും കേരള ബാസ്റ്റേഴ്‌സ് എഫ്.സിക്കും അതിനിര്‍ണായകമായ മത്സരത്തിന്റെ 96ാം മിനിട്ടിലെ സുനില്‍ ഛേത്രിയുടെ ഗോളിനെ ചൊല്ലിയാണ് വിവാദം ഉടലെടുത്തത്. റഫറിയുടെ വിസില്‍ മുഴങ്ങാതെ ക്വിക്ക് സ്റ്റാര്‍ട്ടിലൂടെ ഫ്രീക്കിക്ക് എടുത്ത സുനില്‍ഛേത്രിയുടെ ഗോളിനെ ചോദ്യംചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളും കോച്ച് ഇവാന്‍ വുകോമനോവിച്ചും റഫറിമാരോട് വാദപ്രതിവാദത്തിലേര്‍പ്പെടുകയും മത്സരം പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മൈതാനം വിടുകയുമായിരുന്നു. തുടര്‍ന്ന് ബംഗളൂരു എഫ്.സിയെ വിജയിയായി പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുശേഷം ബംഗളൂരു എഫ്.സി സെമിഫൈനലിലേക്ക് കടക്കുകയും ചെയ്തു.

ആദ്യപകുതിയില്‍ ബംഗളൂരു എഫ്.സി മുന്നിട്ടു നിന്നപ്പോള്‍ രണ്ടാംപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന്റെ മൂര്‍ച്ഛ കൂട്ടി. എന്നാല്‍ ബോക്‌സിലേക്കുള്ള ക്രോസുകളും ഫിനിഷിംഗുമെല്ലാം പിഴച്ചു. 90 മിനിട്ടും ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താല്‍ കഴിയാഞ്ഞതോടുകൂടി കളി എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. 96ാം മിനിട്ടില്‍ സുനില്‍ ഛേത്രിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം ഫൗള്‍ ചെയ്തതിന് ബംഗളൂരുവിന് ഫ്രീകിക്ക് ലഭിക്കുകയും ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ അണിനിരക്കും മുമ്പ് ഛേത്രി പന്ത് ചിപ് ചെയ്ത് വലയിലാക്കുകയുമായിരുന്നു. ഇത്തരത്തില്‍ ക്വിക്ക് സ്റ്റാര്‍ട്ട് ലോക ഫുട്‌ബോളില്‍ അനുവദനീയമാണെങ്കിലും ഇവിടെ ഛേത്രിയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് ചോദ്യം ചെയ്യപ്പെടുകയാണ്. ഏതു വിധേനയെ ജയിക്കാമെന്ന മനോഭാവണാണ് ഛേത്രിയുടേതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പരാതിപ്പെടുന്നത്. അതേ സമയം താന്‍ ഫ്രീക്കിക്കെടുക്കുമ്പോള്‍ വിസിലടിക്കേണ്ടായെന്നും പ്രതിരോധ മതിലിന്റെ ആവശ്യമില്ലായെന്നും റഫറി ക്രസ്റ്റല്‍ ജോണിനോട് പറഞ്ഞതായും ഇത് ബ്ലാസ്റ്റേഴ്‌സ് താരം ലൂണ കേട്ടിട്ടുമുണ്ടെന്നുമാണ് സുനില്‍ ഛേത്രി പറയുന്നത്. മത്സരം തീരും മുന്‍പേ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടത് ശരിയായ നടപടിയല്ലായെന്നും ഛേത്രി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *