ന്യൂഡല്‍ഹി: രാജ്യത്തെ മദ്രസകളില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസം അനിവാര്യമാണെന്ന് ഡല്‍ഹി ഹംദാര്‍ദ് സര്‍വകലാശാലയിലെ അസിസ്റ്റന്റ പ്രൊഫസറും ചിന്തകനും എഴുത്തുകാരനുമായ ഡോ. മുഹമ്മദ് അഹമ്മദ് നഈമി. മദ്രസകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരേണ്ടതുണ്ട്.ഇന്ത്യയിലെ മദ്രസകള്‍ക്ക് മഹത്തായ ഒരു ഭൂതകാലമുണ്ടെന്നും മദ്രസ വിദ്യാഭ്യാസം മുസ്ലീം ജനതയെ നവീകരിക്കുന്നതില്‍ വളരെയധികം സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്രസകളുടെ പാഠ്യപദ്ധതി ആധുനിക കാലത്തെ ആവശ്യകതകള്‍ നിറവേറ്റുന്നില്ല. അതിനനുസൃതമായ പരിഷ്‌കാരങ്ങള്‍ വേണം.മദ്രസകളിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ. മുഹമ്മദ് അഹമ്മദ് നഈമി ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. മദ്രസകളുമായി അടുത്ത ബന്ധമുള്ളയാണാണ് താന്‍. വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കാനായി വിവിധ മദ്രസകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. മദ്രസ പഠനത്തിന് ശേഷവും അക്കാദമിക് രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
മദ്രസാ പഠനത്തോടൊപ്പം ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം മെച്ചപ്പെടുത്തണമെന്നും അത് തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിനും വികസനത്തിനും നിരവധി പുതിയ വഴികള്‍ തുറന്ന് തരുമെന്നും വിദ്യാര്‍ത്ഥികളോട് പറയാറുണ്ടെന്ന് ഡോ. മുഹമ്മദ് അഹമ്മദ് നഈമി പറഞ്ഞു. ബ്രിട്ടീഷുകാരാണ് സ്‌കൂള്‍ സമ്പ്രദായം രാജ്യത്ത് കൊണ്ടുവന്നതെങ്കിലും അതിനുമുമ്പ് മദ്രസകളായിരുന്നു പഠനകേന്ദ്രങ്ങള്‍. മതപഠനത്തോടൊപ്പം ആധുനിക കാലത്തെ വിഷയങ്ങളും അവിടെ പഠിപ്പിച്ചു.
മദ്രസകളില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരണം, മദ്രസകളില്‍ ഖുറാന്‍, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ എന്നിവയോടൊപ്പം മെഡിക്കല്‍ സയന്‍സ്, ജ്യോതിഷം, ജ്യോതിശാസ്ത്രം, ഗണിതം, തത്ത്വചിന്ത, യുക്തി എന്നിവയും പഠിപ്പിക്കുന്നുണ്ട്. ഇന്ന് മദ്രസ വിദ്യാര്‍ത്ഥികള്‍ വിവിധ സര്‍വകലാശാലകളിലും കോളേജുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. പാഠ്യപദ്ധതി പരിഷ്‌കരണം കുട്ടികളുടെ ഭാവിക്ക് ഗുണകരമാണെന്നും മദ്രസ അധികൃതരും മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ഡോ. മുഹമ്മദ് അഹമ്മദ് നഈമി പറഞ്ഞു.