ന്യൂഡല്‍ഹി :കഴിഞ്ഞ ഇരുപത്തിരണ്ട് വര്‍ഷം യാതൊരുവിധ ഭീഷണികള്‍ക്ക് മുമ്പിലും വഴങ്ങിയിട്ടില്ലെന്നും ഇനി അവശേഷിക്കുന്ന രണ്ട് വര്‍ഷവും ഭീഷണികള്‍ക്ക് വഴങ്ങില്ലെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. സുപ്രീംകോടതിക്ക് ലഭിച്ച 1.33 ഏക്കര്‍ ഭൂമി അഭിഭാഷകരുടെ ചേംബര്‍ പണിയാനായി കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിംഗ് ശബ്ദമുയര്‍ത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
‘ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആണ് ഞാന്‍. എന്നെ പേടിപ്പിച്ച് ഇരുത്താന്‍ നോക്കേണ്ട. ഭീഷണിക്ക് വഴങ്ങില്ല. ഹര്‍ജി പതിനേഴിന് കേള്‍ക്കും. എന്നാല്‍ ഒന്നാമത്തെ കേസായി കേള്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ രാഷ്ട്രീയം കോടതിമുറിക്ക് ഉള്ളില്‍ ആകരുത്. നടപടിക്രമങ്ങള്‍ എന്താണെന്ന് എന്നോട് പറയേണ്ട. എന്റെ കോടതിയില്‍ എന്ത് നടപടിക്രമമാണ് നടപ്പാക്കേണ്ടത് എന്ന് എനിക്ക് അറിയാം’ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ക്ഷുഭിതനായി വികാസ് സിങിനോട് പറഞ്ഞു.
ബാര്‍ അസോസിയേഷന്റെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്നും അംഗീകരിച്ചില്ലെങ്കില്‍ അഭിഭാഷകരുമായി എത്തി ജഡ്ജിമാരുടെ വസതിക്കു മുന്നില്‍ ധര്‍ണ ഇരിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു വികാസ് സിംഗ്.ഇതേത്തുടര്‍ന്ന് ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് വികാസ് സിംഗിനോട് ഇരിക്കാനാവശ്യപ്പെടുകയും ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയുമായിരുന്നു.