മര്‍കസ് സമ്മേളനത്തിന് പരിസമാപ്തി; കര്‍മവീഥിയിലേക്ക് 532 സഖാഫി പണ്ഡിതര്‍
കോഴിക്കോട്: മര്‍കസ് 45ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ പതിനായിരങ്ങള്‍ സംഗമിച്ച വേദിയില്‍ മര്‍കസില്‍ മതപഠനം പൂര്‍ത്തിയാക്കി സേവനത്തിറങ്ങുന്ന 532 സഖാഫി പണ്ഡിതര്‍ക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷത്തെ ബിരുദദാരികള്‍. സനദ് ദാന സമ്മേളനത്തില്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം വൈജ്ഞാനിക പാരമ്പര്യത്തെ സൂക്ഷ്മമായി പഠിച്ചു പ്രവര്‍ത്തനമണ്ഡലത്തിലേക്കിറങ്ങുന്ന പണ്ഡിതര്‍ക്ക് വലിയ സാമൂഹിക കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയ വിശുദ്ധിയും ദൈവ ഭക്തിയും മതത്തിന്റെ പ്രധാനപ്പെട്ട ഭാവങ്ങളാണ്. കരുണ, സഹജീവി സ്‌നേഹം, ഉദാരത തുടങ്ങി വിശേഷപ്പെട്ട സ്വഭാവങ്ങള്‍ക്ക് ഉടമകളാകണം എല്ലാവരും. ഇസ്ലാം എപ്പോഴും ഊന്നിപ്പറയുന്നത് കാരുണ്യത്തെകുറിച്ചാണ്. ആ സന്ദേശങ്ങളാണ് മര്‍കസ് നാലര പതിറ്റാണ്ടായി ലോകത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
മുഹമ്മദ് നബിയുടെ ജീവിതം ലോകത്ത് ഏറ്റവും വിശിഷ്ടമായി സ്മരിക്കുന്ന തരത്തിലാണ്. അല്ലാഹുവിന്റെ എല്ലാ പ്രകീര്‍ത്തനങ്ങളും നബിയെ മാതൃകാമഹോന്നതനാക്കി രൂപപ്പെടുത്തുന്ന വിധത്തിലായിരുന്നു. നബിയിലൂടെ പകര്‍ന്നുനല്‍കപ്പെട്ട മൂല്യങ്ങള്‍ മുറുകെപ്പിടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്തിന് ആരംഭിച്ച പണ്ഡിത സംഗമത്തോടെയാണ് മര്‍കസ് സമ്മേളന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സംഗമം ഉദ്ഘാടനം ചെയ്തു. ആധുനിക വാര്‍ത്താ വിനിമയ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അപകടകരമാണെന്നും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ പുതിയ സാങ്കേതികവിദ്യകളില്‍ പണ്ഡിതന്മാര്‍ കൃത്യമായി ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോടമ്പുഴ ബാവ മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ മര്‍കസ് സ്ഥാപന മേധാവികളും പ്രവര്‍ത്തകരും പങ്കെടുത്ത നാഷണല്‍ എമിനന്‍സ് മീറ്റ്, പന്ത്രണ്ടായിരത്തോളം വരുന്ന സഖാഫി പണ്ഡിതരുടെ കൗണ്‍സില്‍, ശൈഖ് സായിദ് പീസ് കോണ്‍ഫറന്‍സ് തുടങ്ങിയ വിവിധ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്നു. തമിഴ്നാട് ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ജിന്‍ജി കെ.എസ് മസ്താന്‍ പീസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എംപി, രമേശ് ചെന്നിത്തല, അഡ്വ. ഹാജി മുഈനുദ്ദീന്‍ ചിശ്തി, എ.എ ഹകീം നഹ, ഹസ്റത്ത് മഹ്ദി മിയ ചിശ്തി സംബന്ധിച്ചു.
വൈകീട്ട് അഞ്ചിന് ആരംഭിച്ച സനദ്ദാന ആത്മീയ സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡയരക്ടര്‍ ജനറല്‍ സന്ദേശ പ്രഭാഷണം നടത്തി. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, അല്ലാമ മന്നാന്‍ റസാ മന്നാനി മിയാന്‍, മൗലാനാ അബ്ദുല്‍ ഖാദിര്‍ അലവി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം, കെ.കെ അഹ്‌മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, അബ്ദുറഹ്‌മാന്‍ ഫൈസി മാരായമംഗലം, പി. ഹസന്‍ മുസ്ലിയാര്‍ വയനാട്, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, പ്രൊഫ.എ.കെ അബ്ദുല്‍ ഹമീദ്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, മജീദ് കക്കാട്, സി.പി ഉബൈദുല്ല സഖാഫി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സംബന്ധിച്ചു. സാമൂഹിക പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയരായ അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുലത്തീഫ് സഖാഫി കാന്തപുരം, സുഹൈറുദ്ദീന്‍ നൂറാനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നെത്തിയ ആയിരങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി. കൊവിഡ് ഇടവേളക്ക് ശേഷം ഇതാദ്യമായാണ് മര്‍കസില്‍ ഇത്ര വലിയ സമ്മേളനം നടക്കുന്നത്.