ത്രിപുരയും നാഗാലാന്‍ഡും ബി.ജെ.പിക്ക് ഒപ്പം, മേഘാലയയില്‍ ബി.ജെ.പി-എന്‍.പി.പി സഖ്യം

ത്രിപുരയും നാഗാലാന്‍ഡും ബി.ജെ.പിക്ക് ഒപ്പം, മേഘാലയയില്‍ ബി.ജെ.പി-എന്‍.പി.പി സഖ്യം

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ തുടര്‍ച്ചയായ രണ്ടാം വട്ടവും ബി.ജെ.പി അധികാരത്തിലേക്ക്. ആകെയുള്ള 60 സീറ്റുകളില്‍ 33 സീറ്റുകളിലും ബി.ജെ.പി മുന്നിട്ടു നില്‍ക്കുകയാണ്. അധികാരത്തില്‍ തിരിച്ചെത്താന്‍ ഐ.പി.എഫ്.ടി എന്ന എന്‍.ഡി.എ സഖ്യകക്ഷിയുടെ കോട്ടകള്‍ കീഴടക്കി തിപ്രമോത പാര്‍ട്ടി ആദ്യ തെരഞ്ഞെടുപ്പ് ചരിത്ര മുന്നേറ്റമാക്കി മാറ്റി. ബി.ജെ.പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിലേറെ സീറ്റില്‍ മുന്നേറുന്നുണ്ട്. സി.പി.എമ്മിനും തിപ്രമോത പാര്‍ട്ടിക്കും 11 സീറ്റുകളില്‍ വീതമാണ് മുന്നേറ്റം. കോണ്‍ഗ്രസ് നാലിടത്ത് മുന്നിലാണ്. തിപ്രമോത പാര്‍ട്ടി 40 ഓളം സീറ്റില്‍ മത്സരിച്ചിരുന്നു. 11 ഇടത്ത് മുന്നിലെത്താനായി. ബി.ജെ.പി ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ പിന്തുണയ്ക്കാമെന്നാണ് തിപ്രമോത പാര്‍ട്ടിയുടെ തലവന്‍ പ്രത്യുദ് ദേബ് ബര്‍മന്‍ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷം ബി.ജെ.പി ഉറപ്പിച്ചതോടെ പ്രത്യുദിന്റെ പാര്‍ട്ടിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നേക്കും.

സംസ്ഥാനത്ത് തിരിച്ചുവരവിനായി കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎമ്മിന് കനത്ത തിരിച്ചടിയേറ്റു. മുന്‍പ് 60 സീറ്റില്‍ മത്സരിച്ച ഇടതുപക്ഷം ഇക്കുറി 17 ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ഒഴിച്ചിട്ടു. ഇതിന്റെ പ്രത്യാഘാതമെന്നോണം സി.പി.എമ്മിന് സീറ്റുകള്‍ കുറഞ്ഞു. കഴിഞ്ഞ തവണ 16 സീറ്റ് വിജയിച്ച സി.പി.എമ്മിന് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 11 സീറ്റിലാണ് മുന്നേറാനായത്. അതേസമയം കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ജയിക്കാനാവാത്ത സ്ഥിതി മാറി. നാല് സീറ്റില്‍ മുന്നേറാനായി. നാഗാലാന്‍ഡില്‍ എന്‍.ഡി.എ സഖ്യം അധികാരം പിടിച്ചെടുത്തപ്പോള്‍ ഇത്തവണയും കോണ്‍ഗ്രസ് നിറം മങ്ങി. ഒരു സീറ്റില്‍ പോലും അവര്‍ക്ക് വിജയിക്കാനായില്ല. ആകെയുള്ള 60 സീറ്റുകളില്‍ 37 സീറ്റുകളില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം മുന്നിട്ടുനിന്നു. 25 സീറ്റീല്‍ എന്‍.ഡി.പി.പിയും 12 സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്തു. 2018ലെ തെരഞ്ഞടുപ്പിന് സമാനമായാണ് കോണ്‍ഗ്രസിന്റെ ഇത്തവണത്തേയും പ്രകടനം. മേഘാലയയില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) ആകെയുള്ള 60 സീറ്റുകളില്‍ 27ലും ലീഡ് ചെയ്തു. ബി.ജെ.പിക്ക് നാല് സീറ്റുകളിലാണ് മുന്നേറാന്‍ സാധിച്ചത്. എന്‍.പി.പിയുമായി ചേര്‍ന്ന് സംഖ്യസര്‍ക്കാര്‍ രൂപീകരിക്കാനാകും ബി.ജെ.പി ശ്രമിക്കുക. 2018ല്‍ 21 സീറ്റില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ അഞ്ച് സീറ്റിലേക്ക് ഒതുങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ് ആറ് സീറ്റുകളില്‍ ലീഡി ചെയ്തു. സൗത്ത് തുറ മണ്ഡലത്തില്‍ കോണ്‍റാഡ് സാങ്മ ലീഡ് ചെയ്യുകയാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *