1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനില ഫെബ്രുവരിയിലെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

1901ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന താപനില ഫെബ്രുവരിയിലെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 123 വര്‍ഷത്തിനുള്ളില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട് ഫെബ്രുവരിയിലെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. വേനല്‍ക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തുടനീളം 29.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില. ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയായിരിക്കും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.

ഏറ്റവും ഉയര്‍ന്ന താപനിലയാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ ഇതിനേക്കാള്‍ ശക്തമായി താപനില വര്‍ധിക്കും. മാര്‍ച്ച്-മെയ് മാസങ്ങളില്‍ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. അതേസമയം, ദക്ഷിണേന്ത്യയിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലും മറ്റിടങ്ങളെ അപേക്ഷിച്ച് ശരാശരി താപനിലയായിരിക്കുമെന്നും പറയുന്നു.

ഉച്ചസമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. താപനില വര്‍ധിച്ചതോടെ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കുട്ടികളും ഗര്‍ഭിണികളും പ്രായമായവരും പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം. ഉച്ചസമയത്ത് തുടര്‍ച്ചയായി വെയില്‍ നേരിട്ട് കൊള്ളുന്നത് ഒഴിവാക്കണം, നിര്‍ജ്ജലീകരണം തടയാന്‍ കൂടുതല്‍ വെള്ളം കുടിക്കണം, എന്നീ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം കാട്ടുതീ വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. മാര്‍ച്ചില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ വളരെ നേരത്തെ സംസ്ഥാനത്ത് ചൂട് കനത്തത് വരള്‍ച്ചയിലേക്ക് നയിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.സംസ്ഥാനത്ത് പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില. കണ്ണൂര്‍, തൃശൂര്‍, പാലക്കാട് എന്നീ മൂന്നു ജില്ലകളിലാണ് താപനില ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. താപനില 40ഡിഗ്രി സെല്‍ഷ്യസിന് അടുത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *