റെയില്‍വേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും നിവേദനം നല്‍കി
കോഴിക്കോട്: ഐ.ആര്‍.സി.ടി.സി നിരക്ക് പരിശോധനസമിതി ശുപാര്‍ശ പ്രകാരം ദക്ഷിണ റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകളില്‍ 60 ഭക്ഷണ വിഭവങ്ങള്‍ക്ക് അമിതവില കൂട്ടിയതിനെതിരേ സി.ആര്‍.യൂ.എ ഭാരവാഹികള്‍ അപലപിച്ചു. കൊവിഡ് കാലത്ത് വര്‍ധിപ്പിച്ച തീവണ്ടി യാത്രാ ടിക്കറ്റ് നിരക്കുകള്‍ കുറക്കാത്തതും, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള യാത്ര ഇളവുകളും, മറ്റു ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കാത്തതുമൂലം തീവണ്ടി യാത്ര മുന്‍കാലങ്ങളെക്കാള്‍ പതിന്മടങ്ങ് ചിലവേറിയിരിക്കുകയാണ്. അതിനുപുറമേ റെയില്‍വേ പ്ലാറ്റ്‌ഫോമിലെ ഭക്ഷണശാലകളിലെ ചോറും കറിയും ചെറുകടികള്‍ ഉള്‍പ്പെടെ അറുപതോളം സാധനങ്ങള്‍ക്ക് വില ഇരട്ടിയോളം വര്‍ധിപ്പിച്ചത് സാധാരണ യാത്രക്കാര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. പ്ലാറ്റ്‌ഫോമുകളില്‍ സ്റ്റാളുകള്‍ക്ക് അമിതമായ വാടകയാണ് റെയില്‍വേ ഈടാക്കുന്നത്. റെയില്‍വേയില്‍ നിന്നും നേരിട്ട് കരാര്‍ എടുത്തവര്‍ വാടക നാലും അഞ്ചും ഇരട്ടി വര്‍ധിപ്പിച്ചു സ്റ്റാളുകള്‍ മറിച്ച് നല്‍കുന്നതും അമിത വില ഈടാക്കുന്നതിന് കാരണമായി ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
അവര്‍ ചൂണ്ടിക്കാട്ടുന്ന ഈ ബാലിശമായ കാരണങ്ങള്‍ യാത്രക്കാര്‍ക്കോ, യാത്രാ സംഘടനകള്‍ക്കോ അംഗീകരിക്കാവുന്നതോ നീതികരിക്കാവുന്നതോ അല്ല. ജനപ്രതിനിധികളും, സംസ്ഥാന സര്‍ക്കാരുകളും അടിയന്തിരമായി ഇടപെട്ട് ഈ വര്‍ധനവ് റെയില്‍വേ മന്ത്രാലയത്തിലും മറ്റു ബന്ധപ്പെട്ട അധികാരികളും സമ്മര്‍ദം ചെലുത്തി പിന്‍വലിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ ദേശീയ വര്‍ക്കിംഗ് ചെയര്‍മാനും കേരള റീജിയന്‍ പ്രസിഡന്റുമായ ഷെവലിയാര്‍. സി.ഇ. ചാക്കുണ്ണി, വൈസ് പ്രസിഡന്റ് ജോയ്‌ജോസഫ്.കെ, കണ്‍വീനര്‍ സണ്‍ഷൈന്‍ ഷോര്‍ണൂര്‍ എന്നിവര്‍ റെയില്‍വേ മന്ത്രി, ജനപ്രതിനിധികള്‍, സതേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍, മറ്റു ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കി. യാത്രക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഡിവിഷണല്‍ സോണല്‍ നാഷണല്‍ ആര്‍.യു.സി.സി.എ മീറ്റിംഗ് അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും നിവേദനത്തില്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.