ന്യൂഡല്‍ഹി:കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സ്വന്തമായി വീടില്ലെന്നും തനിക്ക് 52 വയസായെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ കളിയാക്കി സമൂഹമാധ്യമങ്ങളില്‍ ബിജെപി ട്രോളുകള്‍ നിറഞ്ഞിരുന്നു.അതിനിടയില്‍ പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കണമെന്ന അപേക്ഷയുമായി ബിജെപി രംഗത്ത്. രാഹുല്‍ ഗാന്ധിയ്ക്ക് വീടും സ്ഥലവും നല്‍കണമെന്നാണ് ബിജെപിയുടെ ആവശ്യം. കല്‍പ്പറ്റ നഗരസഭ സെക്രട്ടറിയ്ക്ക് ബിജെപി വയനാട് ജില്ലാ അധ്യക്ഷന്‍ കെ പി മധുവാണ് അപേക്ഷ നല്‍കിയത്.
അതിനിടെ, രാഹുല്‍ ഗാന്ധിയുടെ പുതിയ ലുക്ക് ശ്രദ്ധേയമായി. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാനാണ് നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടിയൊതുക്കി പുതിയ ലുക്കില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഭാരത് ജോഡോ യാത്രയില്‍ താടി നീട്ടി വളര്‍ത്തിയ രാഹുല്‍ പ്ലീനറി, പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുത്തപ്പോഴും രൂപമാറ്റം വരുത്തിയിരുന്നില്ല. ബിഗ് ഡേറ്റ ആന്റ് ഡെമോക്രസി, ഇന്ത്യ – ചൈന ബന്ധം എന്നീ വിഷയങ്ങളിലാണ് രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ സംസാരിക്കുന്നത്. സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ത്ഥി കൂടിയായ രാഹുല്‍ ഗാന്ധി, 1995 ല്‍ കേംബ്രിഡ്ജില്‍ നിന്നാണ് എംഫില്‍ നേടിയത്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷര്‍ട്ടും നീട്ടിവളര്‍ത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്ക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക്ക് അതേ രീതിയില്‍ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോള്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ കോട്ടും ടൈയ്യും ധരിച്ച് എത്തിയിരിക്കുന്നത്. ലേണിങ് ടു ലിസണ്‍ ഇന്‍ ട്വന്റിവണ്‍ത് സെഞ്ച്വറി എന്ന വിഷയത്തില്‍ സര്‍വ്വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുലെത്തിയത്.