ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ ക്രിസ്തുമതം സ്വീകരിച്ചാല്‍ 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ 25 ചതുരശ്ര മീറ്റര്‍ പ്ലോട്ടും വാഗ്ദാനം ചെയ്‌തെന്ന പരാതിയില്‍ മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍ വെച്ച് പാസ്റ്റര്‍ സന്തോഷ് ജോണും (55) ഭാര്യ ജിജി(50)യുമാണ് അറസ്റ്റിലായത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഗാസിയാബാദ് ഇന്ദിരാ പുരത്താണ് സംഭവം. ഇവരുടെ വീട്ടിലെത്തിയാണ് അറസ്റ്റ്. അറസ്റ്റിനെതിരെ ശശി തരൂര്‍ എം പി.ട്വിറ്ററില്‍ പ്രതികരണവുമായി രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് നാണക്കേടാണെന്നും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റ് എന്നും തരൂര്‍ ട്വീറ്റ് ചെയ്തു. ദമ്പതികള്‍ ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്രിസ്തുമതം സ്വീകരിച്ചാല്‍ തങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും ഒരു വീട് പണിയാന്‍ 25 ചതുരശ്ര മീറ്റര്‍ പ്ലോട്ടും ദമ്പതികള്‍ വാഗ്ദാനം ചെയ്‌തെന്ന് പരാതി നല്‍കിയവര്‍ ആരോപിച്ചു. തിങ്കളാഴ്ചയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.1996 മുതല്‍ ഇയാള്‍ ഗാസിയാബാദില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നു. ഓപ്പറേഷന്‍ അഗാപെയുമായി ബന്ധപ്പെട്ട യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫോര്‍ ഇന്ത്യ എന്ന മിഷനറി സംഘടനയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
ദമ്പതികള്‍ പ്രാര്‍ത്ഥന നടത്തുന്ന ഹാള്‍ വാടകയ്ക്കെടുക്കുകയും ആളുകളെ ക്രിസ്തുമതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിക്കാരന്‍ ആരോപിച്ചു. എന്നാല്‍, സന്തോഷും ഭാര്യയും പ്രസംഗങ്ങള്‍ നടത്തുമെങ്കിലും ആരെയും മതപരിവര്‍ത്തനത്തനത്തിന് നിര്‍ബന്ധിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും പരിപാലിക്കുമെന്ന് വാഗ്ദാനം ചെയ്‌തെന്നും പാവപ്പെട്ടവരെയും നിസ്സഹായരെയും ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും ആരോപിച്ചു. 2021ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ ജയിലില്‍ കഴിയേണ്ടി വരും. ഇവരുടെ വീട്ടില്‍ നിന്ന് ചില രേഖകളും ഫോണുകളും പിടിച്ചെടുത്തതായി ഡിസിപി ദീക്ഷ ശര്‍മ പറഞ്ഞു.