ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് മൂന്നിന് കൊടിയേറും

ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് മൂന്നിന് കൊടിയേറും

തലശ്ശേരി: ഗുരുദേവനാല്‍ പ്രതിഷ്ഠിതമായ ശ്രീജഗന്നാഥ ക്ഷേത്രത്തിലെ മഹോത്സവം മൂന്ന് മുതല്‍ 10 വരെ വിവിധ പരിപാടികളോട നടക്കുമെന്ന് പ്രസിഡന്റ് അഡ്വ.കെ.സത്യന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നിന് രാത്രി 9.55ന് തൃക്കൊടിയേറ്റിന് പരവൂര്‍ ബ്രഹ്‌മശ്രീ രാകേഷ് തന്ത്രികള്‍ കാര്‍മികത്വം വഹിക്കും. അത്താഴപൂജക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടാകും. 11.15ന് എഴുന്നള്ളത്ത്. നാലിന് വൈകീട്ട് ഏഴ് മണിക്ക് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് സ്വാമികളുടെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവികത’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30ന് മെഗാഷോ ബംബര്‍ ആഘോഷരാവ്.

അഞ്ചിന് വൈകീട്ട് ഏഴ് മണിക്ക് അഡ്വ.കെ.അജിത്കുമാറിന്റെ അധ്യക്ഷതയില്‍ ‘ശ്രീനാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത’ എന്ന വിഷയത്തില്‍ കെ.മുരളിധരന്‍ എം.പി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ.വി മനോജ് കുമാര്‍ മുഖ്യാതിഥിയാവും. ഡോ. ബി.അശോക് ഐ.എ.എസ്, അരയാക്കണ്ടി സന്തോഷ് മുഖ്യഭാഷണം നടത്തും. 9.30ന് ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ദേവന ശ്രിയ നയിക്കുന്ന സംഗീതനിശ. ആറിന് വൈകീട്ട് ഏഴ് മണിക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുന റാണി ടീച്ചറുടെ അധ്യക്ഷതയില്‍ ഡോ. ടി.വി സുനിത ‘സ്ത്രീയും കേരളീയ നവോത്ഥാനവും’ എന്ന വിഷയത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമിനി നിത്യ ചിന്‍മയി മുഖ്യഭാഷണം നടത്തും. 9.30 ന് പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന സൂര്യപുത്രന്‍ നൃത്താവിഷ്‌ക്കാരം.

ഏഴിന് വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന കവി സമ്മേളനം രമേശ് കാവിലിന്റെ അധ്യക്ഷതയില്‍ കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ഒ.എസ് ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാവും. റോസ് മേരി മുഖ്യഭാഷണം നടത്തും. 9.30ന് ഫോക്‌ലോര്‍ അക്കാദമിയുടെ ദൃശ്യ സംഗീത വിസ്മയം. എട്ടിന് വൈകീട്ട് ഏഴ് മണിക്ക് മതവും വിശ്വാസവും എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക സമ്മേളനം ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യന്റെ അധ്യക്ഷതയില്‍ സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ജില്ലാ ജഡ്ജ് വി.പി.എം സുരേഷ്, ജില്ലാ കലക്ടര്‍ എസ്.ചന്ദ്രശേഖര്‍ മുഖ്യ ഭാഷണം നടത്തും.

പി.കെ.കൃഷ്ണദാസ്, ഡോ.അലക്‌സ് വടക്കുന്തല സംസാരിക്കും. 9.30ന് കോഴിക്കോട് മെലഡി ബിറ്റേര്‍സിന്റെ മെഗാഷോ. ഒമ്പതിന് വൈകീട്ട് ഏഴ് മണിക്ക് സര്‍വമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന വിഷയത്തില്‍ ഗോകുലം ഗോപാലന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം ഡി.ജി.പി ഡോ.ബി.സന്ധ്യ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാ നന്ദ, സ്വാമി സുനില്‍ദാസ്, ചലച്ചിത്ര സംവിധായകന്‍ വിനയന്‍ സംസാരിക്കും. 10 മണിക്ക് മ്യൂസിക്കല്‍ നൈറ്റ് അരങ്ങേറും. 11 മണിക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. കരിമരുന്ന് പ്രയോഗം. 10ന് വൈകീട്ട് 5.15ന് ആറാട്ട് എഴുന്നള്ളത്ത്, ഏഴ് മണിക്ക് വിദേശികളടക്കം പങ്കെടുക്കുന്ന സംഗിത നൃത്താധിഷ്ഠിത യോഗധാര, 7.30ന് ക്ഷേത്ര സ്റ്റേജില്‍ കേരള കലാമണ്ഡലത്തിന്റെ നങ്ങ്യാര്‍കൂത്ത്, 9.55ന് കൊടിയിറക്കല്‍ തുടര്‍ന്ന് മംഗളാരതി, കരിമരുന്ന് പ്രയോഗം. ഒന്നരക്കോടി രൂപ ചിലവില്‍ ക്ഷേത്ര ചിറയുടെ നവീകരണവും, ക്ഷേത്ര പരിസരത്തെ സൗന്ദര്യവല്‍ക്കരണവും പൂര്‍ത്തിയായതായും അഡ്വ.കെ.സത്യന്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ഭാരവാഹികളായ ,സി.ഗോപാലന്‍, രവീന്ദ്രന്‍ പൊയിലൂര്‍, രാജീവന്‍ മാടപ്പീടിക, കെ.കെ.പ്രേമന്‍, പി.രാഘവന്‍ എന്നിവരും സംബന്ധിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *