വൈദ്യുതി ഉപയോഗം വൈകുന്നേരം ആറിനും 11നും ഇടയില്‍ പരമാവധി കുറയ്ക്കണം: കെ.എസ്.ഇ.ബി

വൈദ്യുതി ഉപയോഗം വൈകുന്നേരം ആറിനും 11നും ഇടയില്‍ പരമാവധി കുറയ്ക്കണം: കെ.എസ്.ഇ.ബി

തിരുവനന്തപുരം: തുലാവര്‍ഷത്തില്‍ വേണ്ടത്ര മഴ ലഭിക്കാതായതോടെ വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തെ ഏറ്റവും കുറവ് ജലനിരപ്പാണ് കെ.എസ്.ഇ.ബിയുടെ ജലസംഭരണികളില്‍ നിലവിലുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗമാകട്ടെ കുതിച്ചുയരുകയുമാണ്. വൈദ്യുതി ഉപയോഗം ഇത്തരത്തില്‍ ക്രമാതീതമായി ഉയരുകയും ആഭ്യന്തര ഉത്പാദന സാധ്യത കുറയുകയും ചെയ്താല്‍ പ്രതിസന്ധി രൂക്ഷമാകും. അതിനാല്‍ ഉപഭോക്താക്കള്‍ വൈകുന്നേരം ആറു മുതല്‍ 11 വരെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗമുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് കെ.എസ്.ഇ.ബി നിര്‍ദേശം.
ഇസ്തിരിപ്പെട്ടി, വാട്ടര്‍ പമ്പ് സെറ്റ്, വാഷിംഗ് മെഷീന്‍, ഇന്‍ഡക്ഷന്‍ സ്റ്റൗ പോലെയുള്ള വൈദ്യുതി കൂടുതല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കൂടാതെ വസ്ത്രങ്ങള്‍ അലക്കുന്നതും ഇസ്തിരിയിടുന്നതും വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും മറ്റും പകല്‍ സമയത്തോ രാത്രി 11 നു ശേഷമോ ആക്കി ക്രമീകരിക്കുന്നത് നല്ലതായിരിക്കുമെന്നും കെ.എസ്.ഇ.ബി നിര്‍ദേശിച്ചു.

രാജ്യവ്യാപകമായി നിലവിലുള്ള കല്‍ക്കരി ക്ഷാമവും ഇറക്കുമതി ചെയ്ത, വിലകൂടിയ കല്‍ക്കരി കൂടുതലായി ഉപയോഗിക്കണം എന്ന നിര്‍ദ്ദേശവും കാരണം താപവൈദ്യുതിക്ക് വില നിലവില്‍ വളരെകൂടുതലാണ്. വേനല്‍ കടുത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞു. 2354.74 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 അടിയോളം ജലനിരപ്പ് കുറവാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.24 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 71 ശതമാനം വെള്ളം. നിലവിലുള്ള വെള്ളം സംഭരണശേഷിയുടെ 49.50 ശതമാനം മാത്രമാണ്.

നിലവിലെ അളവില്‍ വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ രണ്ടു മാസത്തേക്കുള്ള വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. ജലനിരപ്പ് 2199 അടിയോടടുത്താല്‍ മൂലമറ്റത്ത് വൈദ്യുതി ഉല്‍പ്പാദനം നിര്‍ത്തേണ്ടി വരും. ഇത് കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമാകും.

Share

Leave a Reply

Your email address will not be published. Required fields are marked *