വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട, അര്‍ഹരായവര്‍ക്ക് ലഭിക്കും; കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി

വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ട, അര്‍ഹരായവര്‍ക്ക് ലഭിക്കും; കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സഷന്‍ പരിമിതപ്പെടുത്തിയതില്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്ക സ്ഥാനമില്ലെന്നും അര്‍ഹരായവര്‍ക്ക് കണ്‍സഷന്‍ ലഭിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു. കണ്‍സഷന്‍ പരിമിതപ്പെടുത്തിയതിന് കൃത്യമായ കാരണങ്ങളുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസില്‍ പഠിക്കുന്നവരും കണ്‍സഷന്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കണ്‍സഷന്‍ കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

25 വയസ്സിന് മുകളില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുടെ കോളേജില്‍ പഠിക്കുന്ന മക്കള്‍ക്കും ഇനി മുതല്‍ യാത്രാ ഇളവ് നല്‍കാതിരിക്കാനുള്ള കെഎസ്ആര്‍ടിസി നീക്കം വിവാദമായിരുന്നു. കെഎസ്ആര്‍ടിസിയുടെ നീക്കത്തിന് പിന്നാലെ യാത്രാ സൗജന്യത്തിനെതിരെ സ്വകാര്യ ബസുടമകളും രംഗത്തെത്തി. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളും എതിര്‍പ്പുയര്‍ത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയില്‍ നിലവില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും സൗജന്യ യാത്രയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവും നല്‍കുന്നുണ്ട്. പുതിയ മാര്‍ഗ നിര്‍ദേശമനുസരിച്ച് സ്വകാര്യ സ്‌കൂളിലെയും കോളേജിലെയും ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് യാത്രാ ഇളവ് ഉണ്ടാകും. സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ 30 ശതമാനം യാത്രാ ഇളവ് നല്‍കും. 25 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ഇളവില്ല. കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആദായ നികുതി കൊടുക്കുന്നവരാണെങ്കില്‍ അവര്‍ക്കും യാത്രാ ഇളവ് ഉണ്ടാകില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ഒന്നാം തീയ്യതി ചേരുന്ന കോര്‍പറേഷന്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *