കോഴിക്കോട്: പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ ഭാഗമായി ഉല്‍പാദനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുകയും മൂല്യവര്‍ധനവ് ഉറപ്പാക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ‘ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ‘ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക സാമ്പത്തിക വികസനത്തിനായി ഇത്തരമൊരു മുന്നൊരുക്ക പരിപാടി നടത്തുന്ന ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് ചേളന്നൂര്‍ ബ്ലോക്ക്. വരും വര്‍ഷങ്ങളില്‍ ബ്ലോക്കിന് കീഴില്‍ സജ്ജമാകുന്ന വ്യവസായ പാര്‍ക്കിനായി സംരംഭകരെ കൂടി ഉള്‍പ്പെടുത്തി നടത്തുന്ന ഈ ആശയ സംവാദത്തിലൂടെ സാധിക്കുമെന്ന് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്തുകളില്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവിലെ സംരംഭം വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായാണ് ‘ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ‘ സംഘടിപ്പിക്കുന്നത്. 10 ലക്ഷം മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന നാനോ സംരംഭ ആശയങ്ങള്‍, വിവിധ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സാങ്കേതിക സഹായം നല്‍കുന്ന സംരംഭ ആശയങ്ങള്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ്, എക്‌സ്‌പോര്‍ട്ട് ഏജന്‍സികളുമായി കൂടിക്കാഴ്ചകള്‍, ബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ചകള്‍, സംരംഭ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍, ചേളന്നൂര്‍ ബ്ലോക്കിലെ സ്വകാര്യ സംരംഭകര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.
നാല്, അഞ്ച് തിയതികളില്‍ കക്കോടി പ്രിന്‍സ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരിപാടി. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഗ്രാമപഞ്ചായത്തിലെ ഫെസിലിറ്റേറ്റര്‍മാരെ വിളിക്കാം. ഫോണ്‍. ചേളന്നൂര്‍: 8943940896, കക്കോടി: 9020966466, കാക്കൂര്‍: 9544129803, നന്മണ്ട: 9048643541, നരിക്കുനി: 9846217249, തലക്കുളത്തൂര്‍: 9562846170. രജിസ്‌ട്രേഷന്‍ ഫീസ് 150 രൂപ. വാര്‍ത്താസമ്മേളനത്തില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജ അശോകന്‍, വികസനകാര്യ ക്ഷേമ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഹരിദാസ് ഈച്ചരോത്ത്, ബ്ലോക്ക് വ്യവസായ വികസന ഓഫിസര്‍ സെല്‍ന.എം, അസിസ്റ്റന്റ് പ്ലാനിങ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ആനന്ദ് എന്നിവരും സംബന്ധിച്ചു.