തലശ്ശേരി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തലശ്ശേരി നഗരസഭയിലെ കണ്ടീജന്റ് ജിവനക്കാര്‍ മുനിസിപ്പാല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യുവിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല പണിമുടക്ക് മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ടീജന്റ് തൊഴിലാളികളുടെ സര്‍വീസ് ബുക്ക് കൈകാര്യം ചെയ്യുന്നതിനാവിശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുക , ബുക്ക് ഓഡിറ്റ് ചെയ്യുക, 2008 മുതല്‍ ലഭിക്കേണ്ട ഡി.എ കുടിശ്ശിക പി.എഫില്‍ അടയ്ക്കുക, ബദല്‍ തൊഴിലാളികളുടെ കുടിശ്ശിക നേരിട്ട് നല്‍കുക, നിലവിലുള്ള ഒഴിവുകള്‍ നികത്തുക തുടങ്ങിയ പതിനഞ്ചോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരത്തിനിറങ്ങുന്നത്. പ്രസ്തുത ആവശ്യം യൂണിയന്‍ നിരവധി തവണ നഗരസഭാ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിക്കാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. സമരത്തിന് പിന്തുണ നല്‍കാന്‍ മറ്റ് സംഘടനകളുടെ സഹായവും തേടിയിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ വാഴയില്‍ വാസു, ഇ.ശശീന്ദ്രന്‍, വി.ശശീന്ദ്രന്‍, സി. കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.