ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പിക്ക് അധികാരത്തുടര്‍ച്ചയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള തള്ളി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എക്‌സിറ്റ് പോളുകാര്‍ അവരുടെ ജോലിയാണ് ചെയ്യുന്നത്. വിധിയെഴുതുന്നത് ജനങ്ങളാണ്, ഫലം വരട്ടെയുന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലും നാഗാലാന്‍ഡിലും ബി.ജെ.പി സഖ്യത്തിന് വന്‍ വിജയം പ്രവചിച്ചാണ് ഇന്നലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വന്നത്. മേഘാലയില്‍ എന്‍.പി.പിക്ക് മേല്‍ക്കൈ ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ സൂചന. അതേസമയം ടൈംസ് ന്യൂ ഇ.ടി.ജി എക്‌സിറ്റ്‌പോള്‍ ഫലത്തില്‍ ത്രിപുരയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലെന്നാണ് പ്രവചനം.
മുന്‍കാലങ്ങളില്‍ എക്‌സിറ്റ് പോള്‍ ഏറ്റവും കൂടുതല്‍ വിജയകരമായി പ്രവചിച്ചിട്ടുള്ള ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ ത്രിപുരയില്‍ എന്‍.ഡി.എക്ക് 36 മുതല്‍ 45 സീറ്റാണ് പ്രവചിക്കുന്നത്. സി.പി.എം-കോണ്‍ഗ്രസ് സഖ്യത്തിന് 6 മുതല്‍ 11 സീറ്റ് വരെ ലഭിക്കുകയുള്ളുവെന്നും ഇന്ത്യ ടുഡേ പറയുന്നു. സീ ന്യൂസ് മെട്രിസ് ബി.ജെ.പിക്ക് 36 സീറ്റ് വരെയും സി.പി.എം 21 സീറ്റ് വരെയും നേടുമെന്നും പ്രവചിക്കുന്നുണ്ട്. എന്നാല്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാകില്ലെന്നാണ് ടൈംസ് നൗ – ഇ.റ്റി.ജി പുറത്ത് വിട്ട എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നത്. 27 സീറ്റ് വരെ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. സി.പി.എം സഖ്യത്തിന് 18 മുതല്‍ 24 സീറ്റ് വരെ ലഭിക്കുമെന്നാണ് ടൈംസ് നൗ പറയുന്നത്. അതേസമയം മൂന്ന് പ്രവചനങ്ങളിലും പതിനാറ് സീറ്റ് വരെ പ്രത്യുദ് ദേബ് ബര്‍മെന്റെ തിപ്ര മോത നേടുമെന്നാണ് പ്രവചനം.
നാഗാലാന്‍ഡില്‍ ബി.ജെ.പി എന്‍.ഡി.പി.പി തരംഗമാണ് എല്ലാവരുടെയും കണക്കുകൂട്ടല്‍. സഖ്യം 35 മുകളില്‍ സീറ്റ് നേടുമെന്ന പറയുന്ന എക്‌സിറ്റ് പോള്‍ ഫലം പരമാവധി 49 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് മൂന്ന് സീറ്റില്‍ കൂടുതല്‍ ആരും പ്രവചിക്കുന്നില്ല. എന്‍പിഎഫിന് എട്ട് സീറ്റ് വരെയാണ് പരാമാവധി നേട്ടമായി കണക്ക് കൂട്ടുന്നത്. എക്‌സിറ്റ്‌പോളുകള്‍ വന്ന സാഹചര്യത്തില്‍ സംഘര്‍ഷം കണക്കിലെടുത്ത് ത്രിപുരയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്