ലൈഫ് മിഷന്‍ അഴിമതി കേസ്: ഇ.ഡിക്ക് മുമ്പില്‍ ഹാജരാകില്ല, സി.എം രവീന്ദ്രന്‍ നിയമസഭയില്‍

ലൈഫ് മിഷന്‍ അഴിമതി കേസ്: ഇ.ഡിക്ക് മുമ്പില്‍ ഹാജരാകില്ല, സി.എം രവീന്ദ്രന്‍ നിയമസഭയില്‍

തിരുവനന്തപുരം: ലൈഫ് മിഷന്‍ അഴിമതി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ നിയമസഭയില്‍. ഇതോടെ ഇ.ഡിക്ക് മുമ്പില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ഉറപ്പായി. ഇന്ന് രാവിലെ 10.30ഓടെ ഇ.ഡിക്ക് മുമ്പില്‍ ഹാജാരാകനായിരുന്നു രവീന്ദ്രന് ലഭിച്ച നിര്‍ദേശം. ഇത്തവണ ചോദ്യം ചെയ്യലിന് ഹാജരായില്ലങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കനത്ത നടപടികളിലേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീങ്ങുമെന്നാണ് സൂചന.

രവീന്ദ്രനും സ്വപ്‌നാ സുരേഷും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നപ്പോള്‍ തന്നെ സി.എം രവീന്ദ്രന്‍ പ്രതിരോധത്തിലായിരുന്നു.ലൈഫുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ദുബായ് ആസ്ഥാനമായ റെഡ്ക്രസന്റ് എന്ന സ്ഥാപനവുമായി നടക്കുമ്പോഴാണ് സ്വപ്‌നയും രവീന്ദ്രനും തമ്മിലുള്ള ചാറ്റുകള്‍ പുറത്ത് വരുന്നത്. റെഡ് ക്രസന്റ് നല്‍കിയ 19 കോടി രൂപയില്‍ 4.50 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ നഷ്ടപ്പെട്ടെന്നാണ് ലൈഫ് മിഷന്‍ കോഴക്കേസ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന് കൈക്കൂലിയായി ലഭിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടും സി.എം രവീന്ദ്രന്റെ കൂടി അറിവോടെയാണ് നടന്നതെന്ന് സ്വപ്‌നയും മൊഴി നല്‍കിയിരുന്നു. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

ടെന്‍ഡറില്ലാതെ ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ കോടികള്‍ കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ സി.എം രവീന്ദ്രന് പണം ലഭിച്ചോ എന്നതില്‍ കൃത്യമായ വിശദീകരണം സ്വപ്‌നയുടെ മൊഴിയിലില്ല. ഇക്കാര്യങ്ങളിലാണ് രവീന്ദ്രന്‍ വിശദീകരണം നല്‍കേണ്ടിയിരുന്നത്. കേസില്‍ ഇതുവരെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ മാത്രമാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്.

Share

Leave a Reply

Your email address will not be published. Required fields are marked *