രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യ മതേതര രാജ്യം; സ്ഥലനാമം മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യ മതേതര രാജ്യം; സ്ഥലനാമം മാറ്റണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി

  • ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന ഹര്‍ജിയില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ഇന്ത്യ ഒരു മതേതര രാജ്യമാണ്. അത് ഹര്‍ജിക്കാരന്‍ ഓര്‍ക്കണമെന്ന് പറഞ്ഞാണ് സുപ്രീം കോടതി ഹര്‍ജി തള്ളിയത്. ഹര്‍ജി വിരല്‍ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്, ഇത് ക്രൂരമാണെന്ന് പറഞ്ഞ കോടതി രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹര്‍ജിക്കാരനോട് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് കെ.എം ജോസഫ് ചോദിച്ചു.

വിദേശ അധിനിവേശത്തില്‍ പേര് മാറ്റിയ ആയിരം സ്ഥലങ്ങളെ പുനര്‍നാമകരണം ചെയ്യാന്‍ കമ്മീഷനെ വെക്കണമെന്നായിരുന്നു ഹര്‍ജി. ബി.ജെ.പി നേതാവ് അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹര്‍ജിക്കാരന്‍ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലില്‍ കഴിയാനാകില്ല. സമൂഹത്തില്‍ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

കേരളത്തില്‍ ഹിന്ദു രാജാക്കന്മാര്‍ മറ്റു മതങ്ങള്‍ക്ക് ആരാധനയലങ്ങള്‍ പണിയാന്‍ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹര്‍ജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാന്‍ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹര്‍ജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *