- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ഇന്ന് ധാരണപത്രം ഒപ്പിടും
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ആകര്‍ഷകമായ പായ്ക്കറ്റുകളില്‍ വിപണിയിലെത്തും. ഉല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വിപണി എന്നത് കര്‍ഷകരുടെ എക്കാലത്തെയും ഒരു സ്വപ്‌നമാണ്. നമ്മുടെ പ്രാദേശിക കര്‍ഷകര്‍ക്കു പരാജയം സംഭവിക്കുന്നതും ഈ മേഖലയിലാണ്. മനോഹരമായ പാക്കറ്റുകളില്‍ എത്തുന്ന ഉല്‍പ്പന്നങ്ങള്‍ എപ്പോഴും ഉപഭോക്താക്കളുടെ കണ്ണില്‍പ്പെടാറുണ്ട്. അന്താരാഷ്ട്ര വിപണിയിലും ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് ഏറെ നിര്‍ണായക ഘടകമാണ്.
ഗുണമേന്മയുള്ള നമ്മുടെ പ്രാദേശികവിഭവങ്ങള്‍ക്ക് ആകര്‍ഷകമായ പാക്കിങ് കൂടിയുണ്ടെങ്കിലോ? ഇതിനു കര്‍ഷകരെ സജ്ജമാക്കി എടുക്കുന്നതിനുള്ള നടപടിക്ക് കൃഷിവകുപ്പ് തുടക്കം കുറിക്കുകയാണ്. ബ്രാന്‍ഡിംഗ്, പാക്കേജിങ്, ലേബലിങ് തുടങ്ങി കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്തുന്നതിനുള്ള സാങ്കേതിക വിദ്യകളില്‍ കര്‍ഷകര്‍ക്ക് പരിശീലനം, സാങ്കേതികവിദ്യ കൈമാറ്റം എന്നിവ ലക്ഷ്യമിട്ട് മുംബൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് സ്ഥാപനവുമായി കേരളസര്‍ക്കാര്‍ ഇന്ന് വൈഗ വേദിയില്‍വച്ച് ധാരണപത്രം ഒപ്പിടും. കൃഷിമന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗ് ഡയറക്ടര്‍ ആര്‍.കെ മിശ്ര ഐ.ആര്‍.എസ്, കേരള സമേതി ഡയറക്ടര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവരായിരിക്കും ധാരണപത്രത്തില്‍ ഒപ്പിടുന്നത്.