തലശ്ശേരി: മുന്‍ ഹോക്കി താരം ഒ.വി.അബ്ദുള്‍ ഫഹീം എന്ന ‘പമ്മി’ യുടെ അകാല വേര്‍പാടില്‍ സ്‌പോര്‍ട്‌സ് മേഖലയിലെ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന് അനുശോചിച്ചു. കഴിഞ്ഞ ദിവസം ദുബൈയില്‍ വച്ചായിരുന്നു ഒ.വി.അബ്ദുള്‍ ഫഹീം മരണപ്പെട്ടത്. തലശ്ശേരി ബിയാട്രീസ് സ്‌പോര്‍ട്‌സ് ക്ലബ്ബിലൂടെ ഹോക്കിയുടെ ബാലപാഠം അഭ്യസിച്ചിരുന്ന പമ്മി, തലശ്ശേരി സെന്റ് ജോസഫ്‌സ് സ്‌കൂളിലേയും, എസ്.എന്‍ കോളേജ് ഹോക്കി ടീമിലേയും, കണ്ണൂര്‍ ജില്ലാ സബ്ബ് ജൂനിയര്‍, ജൂനിയര്‍ ടീമുകളിലേയും അംഗമായിരുന്നു. തലശ്ശേരിയിലെ സാമൂഹ്യ-കായിക മേഖലകളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന പമ്മി ,ദുബൈയിലെ സാമൂഹ്യ-കായിക രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു.
ഒ.വി. റോഡിലെ ഒ.വി തറവാട് വീട്ടില്‍ അംഗമായ ഒ.വി സാബിറയുടേയും പരേതനായ ബാറയില്‍ ആബൂട്ടിയുടേയും മകനാണ്. പ്രശസ്ത എഴുത്തുകാരിയും കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സിത്താരയാണ് ഭാര്യ. വിദ്യാര്‍ഥികളായ ഗസല്‍, ഐഡന്‍ എന്നിവര്‍ മക്ക ളാണ്. തലശ്ശേരി ജസ്റ്റിസ് വി.ആര്‍കൃഷ്ണയ്യര്‍ സ്റ്റേഡിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ മാസ്റ്റേഴ്‌സ് ഗെയിംസ് അസോസിയേഷന്‍ പ്രസിഡന്റ് മോഹന്‍ പീറ്റേഴ്‌സ് അധ്യക്ഷത വഹിച്ചു. കെ.ജെ ജോണ്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.വി ഗോകുല്‍ദാസ് അനുസ്മരണ ഭാഷണം നടത്തി. പി.വി സിറാജുദ്ദീന്‍, വി.ബി ഇസ്ഹാഖ്, ജസ്സീം മാളിയേക്കല്‍, ടി.ടി.പി അജ്മല്‍ റഹീം, വി.എം ബാബുരാജ്, ജാബിര്‍ മാളിയേക്കല്‍ ഓലിയത്ത് ആദു, സി.എം സുഹല്‍, എം.മുഷ്താഖ്, മുഹമ്മദ് ഫസീഷ്, എന്നിവര്‍ സംസാരിച്ചു. സ്‌പോര്‍ട്‌സ് മേഖലയിലെ പഴയകാല പ്രമുഖരും പുതുതലമുറയിലുള്ളവരും ചടങ്ങില്‍ പങ്കെടുത്തു.