കോഴിക്കോട്: മലബാര്‍ ഫിലിം ഡയരക്ടേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ആന്റ് ഡോക്യൂമെന്ററി ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ ഏറ്റവും മികച്ച ചിത്രമായി എല്‍.ഐ.ബി-ലൈഫ് ഈസ് ബ്യുട്ടിഫുള്‍ തിരഞ്ഞെടുത്തു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. മേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരം ബൈജുരാജ് ചേകവര്‍(ചിത്രം-എല്‍.ഐ.ബി-ലൈഫ് ഈസ് ബ്യുട്ടിഫുള്‍) നേടി. 10000 രൂപയും പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്. ബൈനറി എറര്‍ എന്ന ചിത്രത്തിലെ പ്രകടന മികവിന് സണ്ണി വെയ്ന്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ കൃഷ്ണമേനോന്‍ മ്യുസിയത്തിലെ ത്രീഡി തിയേറ്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
ഒട്ടേറെ അന്തര്‍ദേശീയ മേളകളില്‍ അംഗീകാരങ്ങള്‍ നേടിയ എല്‍.ഐ.ബിയുടെ രചന നിര്‍വഹിച്ചത് ഹേമ എസ്.ചന്ദ്രേടത്താണ്. ഹേമ രചനയും സംവിധാനവും നിര്‍വഹിച്ച ഉറവ എന്ന ഡോക്യൂമെന്ററിക്കും മേളയില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. പരിസ്ഥിതി മുഖ്യപ്രമേയമായി വരുന്ന എല്‍.ഐ.ബി കായക്കൊടിയിലും എറണാകുളത്തുമായിട്ടാണ് ഷൂട്ടിങ്ങ് പൂര്‍ത്തീകരിച്ചത്. കേരള ചലച്ചിത്ര അക്കാദമിക്ക് വേണ്ടി ചിത്രം നിര്‍മിച്ചത് മിനി മോഹന്‍, ശശികുമാര്‍ തെന്നല , ഡോക്ടര്‍ ചാന്ദ്‌നി, പ്രകാശ് വി.പി , ഡോക്ടര്‍ മൃണാളിനി എന്നിവര്‍ ചേര്‍ന്നാണ്. ഫറാ ഷിബില, സജ്‌ന നജാം, ലൈല പോക്കര്‍, അഖില്‍ പ്രഭാകര്‍, പ്രേംരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കായക്കൊടി സ്വദേശിയായ ബൈജുരാജ് ചേകവര്‍ ഫെഫ്ക ഡയരക്ടേഴ്സ് യൂണിയന്റെ ട്രഷറര്‍ ആണ്.