ഇ.ഡി മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധം: അമിക്കസ് ക്യുറി

ഇ.ഡി മേധാവി എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധം: അമിക്കസ് ക്യുറി

ന്യൂഡല്‍ഹി: ഇ.ഡി ഡയറക്ടര്‍ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയ തീരുമാനം നിയമവിരുദ്ധമാണെന്ന് അമിക്കസ്‌ക്യുറി കെ.വി വിശ്വനാഥന്‍. വിനീത് നാരായണ്‍, കോമണ്‍ കോസ് കേസുകളിലെ ഉത്തരവുകള്‍ക്ക് വിരുദ്ധമാണ് കാലാവധി നീട്ടല്‍ എന്നും അമിക്കസ് ക്യുറി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സിവിസി നിയമത്തില്‍ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ ആണ് എസ്.കെ മിശ്രയുടെ കാലാവധി നീട്ടിയത് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദം.
എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് അമിക്കസ് ക്യുറി സുപ്രീംകോടതിയെ അറിയിച്ചു.

2018 ലാണ് സഞ്ജയ് കുമാര്‍ മിശ്രയെ ഇഡി ഡയറക്ടായി ആദ്യം നിയമിക്കുന്നത്. ആ കാലാവധി 2020 നവംബറില്‍ അവസാനിച്ചിരുന്നു. 2020 മെയ് മാസം എസ്.കെ മിശ്രയ്ക്ക് 60 വയസ് പൂര്‍ത്തിയായിരുന്നു. 2020 നവംബര്‍ പതിമൂന്നിന് ഇഡി ഡയറക്ടറുടെ കാലാവധി രണ്ട് വര്‍ഷത്തില്‍ നിന്ന് മൂന്ന് വര്‍ഷമായി ഉയര്‍ത്തി വിജ്ഞാപനം ഇറക്കി. വിജ്ഞാപനം സുപ്രീം കോടതി ശരിവച്ചെങ്കിലും മിശ്രയ്ക്ക് ഇനി കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെയുള്ള അന്വേഷണം തടയലാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയതിന് എതിരായ ഹര്‍ജിയുടെ ലക്ഷ്യമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

പിന്നീട് ഇഡി ഡയറക്ടറുടെ കാലാവധി അഞ്ച് വര്‍ഷം വരെ നീട്ടാന്‍ അധികാരം നല്‍കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രം പുറത്തിറക്കി. ഇതിനെ ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് നേതാക്കളായ ഡോ. ജയാ ഠാക്കൂര്‍, രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ ആദ്യം അമിക്കസ് ക്യുറിയുടെ വാദം കേള്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. കാലാവധി നീട്ടിയതിനെതിരായ വിവിധ ഹര്‍ജികളില്‍ മാര്‍ച്ച് 21 ന് വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *