ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്‍ തിരിച്ചെത്തി; ‘മാറി നിന്നത് പുണ്യസ്ഥലങ്ങള്‍ സര്‍ശിക്കാന്‍, മടക്കം സ്വമേധയാ’: ബിജു കുര്യന്‍

ഇസ്രായേലില്‍ കാണാതായ ബിജു കുര്യന്‍ തിരിച്ചെത്തി; ‘മാറി നിന്നത് പുണ്യസ്ഥലങ്ങള്‍ സര്‍ശിക്കാന്‍, മടക്കം സ്വമേധയാ’: ബിജു കുര്യന്‍

കോഴിക്കോട്: ആധുനിക കൃഷി രീതികള്‍ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അയയ്ച്ച സംഘത്തില്‍ നിന്നും കാണാതായ കര്‍ഷകന്‍ ബിജുകുര്യന്‍ സംസ്ഥാനത്ത് തിരിച്ചെത്തി. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ബിജു നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജന്‍സിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നല്‍കിയതെന്നും ബിജു പറയുന്നു.
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പറഞ്ഞാല്‍ സംഘത്തില്‍ നിന്ന് അനുവാദം ലഭിക്കില്ലെന്ന് കരുതി. മുങ്ങി എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താന്‍ സാധിക്കാഞ്ഞത്. സന്ദര്‍ശനത്തിനു ശേഷം ഞായറാഴ്ചയായിരുന്നു ഇവിടേക്കു മടങ്ങേണ്ടിയിരുന്ന ദിവസം. ആദ്യം ജറുസലം ദേവാലയം സന്ദര്‍ശിക്കാനായി പോയി. അതിന്റെ തൊട്ടു പിറ്റേ ദിവസം ബത്‌ലഹെമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരേണ്ട സമയമായപ്പോഴേക്കും ആകെ പ്രശ്നമായതായി അറിഞ്ഞു. തീര്‍ത്തും മോശമായ രീതിയില്‍ പലതും പ്രചരിച്ചതിനാല്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥ വന്നു. എല്ലാം കേട്ട് ആകെ വിഷമമായതുകൊണ്ട് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനായില്ല. അതുകൊണ്ട് അന്നും അവിടെത്തന്നെ തുടര്‍ന്നു. പിന്നീട് മറ്റൊരാളുടെ സഹായത്തോടെ ഭാര്യയെ വിളിച്ച് ഞാന്‍ സുരക്ഷിതനായി ഇവിടെയുണ്ടെന്നും വീട്ടിലേക്ക് തിരിച്ചെത്തിക്കോളാമെന്നും പറഞ്ഞു. അതിനുശേഷം എന്റെ സഹോദരനുമായി ബന്ധപ്പെട്ടു. മറ്റാരുടെയോ സഹായത്തോടുകൂടി സഹോദരനാണ് ഇവിടേക്കു മടങ്ങാനുള്ള ടിക്കറ്റ് എടുത്തുതന്നത്. അങ്ങനെയാണ് ഞാന്‍ ഇപ്പോള്‍ തിരിച്ചെത്തിയത്.

സംഭവിച്ചതില്‍ സര്‍ക്കാരിനോടും സംഘാംഗങ്ങളോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിച്ചശേഷം ബന്ധുക്കള്‍ക്ക് ഒപ്പം ബിജു നാട്ടിലേക്ക് തിരിച്ചു

കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കുന്നതിന് വേണ്ടിയായിരുന്നു കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോകിന്റെ നേതൃത്വത്തില്‍ കേരളാ സര്‍ക്കാരിന്റെ 27 പേരടങ്ങുന്ന കര്‍ഷക സംഘം ഈ മാസം 12 ന് ഇസ്രായേലിലേക്ക് പോയത്. സന്ദര്‍ശന വേളയില്‍ കണ്ണൂര്‍ സ്വദേശിയായ ബിജു കുര്യന്‍ എന്ന കര്‍ഷകന്‍ സംഘത്തില്‍ നിന്നും കാണാതായി. പിന്നീടാണ് ഇയാള്‍ മുങ്ങിയതാണെന്ന് തിരിച്ചറിഞ്ഞത്. തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം ഫെബ്രുവരി 20 ന് മടങ്ങിയെത്തി. ബിജുവിന്റെ വിസയ്ക്ക് മെയ് 8 വരെ കാലാവധിയുണ്ടായിരുന്നു. എന്നാല്‍ ബിജുവിന്റെ വിസ റദ്ദാക്കണമെന്ന് കേരള സര്‍ക്കാര്‍ ഇന്ത്യന്‍ എംബസി വഴി ആവശ്യപ്പെട്ടിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *