കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ‘ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് ആറിന് രാവിലെ ഒമ്പത് മുതല്‍ അഞ്ച് മണിവരെ സകൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന സെമിനാറില്‍ കോഴിക്കോട് എന്‍.ഐ.ടികമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസി. പ്രൊഫ. ഡോ. ജി.ഗോപകുമാര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ലജീഷ് വി.എല്‍, പൂനെയിലെ ഹേബര്‍ കമ്പനി സി.ഇ.ഒ വിപിന്‍ രാഘവന്‍, തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സെഡ് ഡിസ്റ്റന്‍സ് ലാബ് കമ്പനി സി.ഇ.ഒ ഷഫീഖ് റഹ്‌മാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഭാവി വിദ്യാഭ്യാസ രംഗത്ത് നിര്‍മിത ബുദ്ധിയുടെ പ്രസക്തി, നിര്‍മിത ബുദ്ധിയും ഭാവി കരിക്കുലവും ക്ലാസ്‌റൂമിലെ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍, നിര്‍മിത ബുദ്ധിയും അധ്യാപക ശാക്തീകരണവും, കുട്ടികളുടെ പഠനമികവില്‍ നിര്‍മിത ബുദ്ധിയുടെ പങ്ക് എന്നീ വിഷയങ്ങളിലാണ് സെമിനാര്‍ നടക്കുക. കോഴിക്കോട് ഡയറ്റ് ഫാക്കല്‍റ്റിയും എജുമിഷന്‍ ഇന്നൊവേഷന്‍ ലാബ് ഡയരക്ടര്‍ ഡോ. നാസര്‍ യു.കെ മുഖ്യപ്രഭാഷണം നടത്തും. സെമിനാറില്‍ താല്‍പര്യമുള്ളവര്‍ http//calicutgirlsschool.org/ എന്ന സ്‌കൂള്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെമിനാറിനെ കുറിച്ച് കൂടുതലറിയാന്‍ 8714435055 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. സ്‌കൂളിലെ അടല്‍ ടിങ്കറിംഗ് ആന്റ് റോബോട്ടിക്‌സ് ലാബിന്റെ നേതൃത്വത്തിലാണ് ഈ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ കാലിക്കറ്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദു.എം, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ശ്രീദേവി പി.എം, ഹെഡ്മിസ്ട്രസ് സൈനബ എം.കെ, പി.ടി.എ പ്രസിഡന്റ് എ.ടി നാസര്‍, ടിങ്കറിംഗ് ലാബ് കോ-ഓര്‍ഡിനേറ്റര്‍ സ്വാബിര്‍ കെ.ആര്‍ എന്നിവര്‍ പങ്കെടുത്തു.